കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ ബേബി പ്രസിഡന്റാകും ; കെ.വി സുജാത കാഞ്ഞങ്ങാട് നഗരസഭയിൽ ചെയർ പഴ്സണുമാകും

കാസർഗോഡ് : രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും കഴിവുതെളിയിച്ച സമര്‍ത്ഥരായ യുവനിരയെ അണിനിരത്തി കാസര്‍കോടിനെ ചുവപ്പണിയിച്ചു ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ച ഇടതുമുന്നണി നേതൃത്വം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളില്‍ ആരെ അവരോധിക്കണമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങി. 21 ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനമെടുക്കും. തുടര്‍ന്ന് എല്‍.ഡി.എഫിലെ ആലോചനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും.
30 ന് രാവിലെ 11 മണിക്കാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അന്നുതന്നെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. മടിക്കൈ ഡിവിഷനില്‍ നിന്ന് റിക്കാര്‍ഡ് ഭൂരിപക്ഷത്തിന് വിജയിച്ച മുതിര്‍ന്ന വനിതാ നേതാവ് ബേബി ബാലകൃഷ്ണന്‍ ആയിരിക്കും പ്രസിഡന്റെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.സി.പി.എം കോട്ടയായ ദേലമ്ബാടി ഡിവിഷന്‍ മുന്നണിയെ കൈവിട്ടതോടെ ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെങ്കള ഡിവിഷന്‍ ലീഗില്‍ നിന്ന് പിടിച്ചെടുത്ത് അട്ടിമറി വിജയം സമ്മാനിക്കുകയും ചെയ്ത ഷാനവാസ് പാദൂരിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാനുള്ള സാദ്ധ്യതയുമുണ്ട്.
പത്തുവര്‍ഷം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പരിചയമാണ് ബേബിയെ അദ്ധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നിന് പിന്നില്‍.1995 ല്‍ മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ അദ്ധ്യക്ഷയായപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്നു അവര്‍. തൊട്ടടുത്ത തവണ പഞ്ചായത്ത് പ്രസിഡന്റ് പദവി ജനറല്‍ ആയിട്ടും വീണ്ടും പാര്‍ട്ടി നിയോഗിച്ചതും ബേബിയെ തന്നെ. 2005ല്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി.
ബി.എഡ് ബിരുദധാരിയായ ഇവര്‍ കയ്യൂര്‍, പെരിയ, ബങ്കളം സ്‌കൂളുകളില്‍ ഗസ്റ്റ് അദ്ധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗത്വം രാജിവെച്ചാണ് ബേബി ബാലകൃഷ്ണന്‍ ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചത്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുമായ ഇവര്‍ സി.പി.സി.ആര്‍.ഐ. ഉപദേശക സമിതി അംഗവും കുടുംബശ്രീ ഗവേര്‍ണിംഗ് ബോഡി അംഗവും കിലാ ഫാക്കല്‍ട്ടി അംഗവുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മടിക്കൈ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. നീലേശ്വരം നഗരസഭാ മുന്‍ യു.ഡി ക്ലര്‍ക്ക് ബി. ബാലകൃഷ്ണന്റെ ഭാര്യയാണ്. ഏക മകന്‍ കിരണ്‍ ബാലകൃഷ്ണന്‍.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പാദൂര്‍ കുഞ്ഞാമു ഹാജിയുടെ മകനായ ഷാനവാസ് പാദൂര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് കോണ്‍ഗ്രസ് വിട്ട് സി.പി.എം സഹചാരിയായത്. ഇപ്പോള്‍ ലീഗിന്റെ കോട്ടയായ ചെങ്കള പിടിച്ചു യു.ഡി.എഫിനെ ഞെട്ടിക്കുകയും ചെയ്തു. ചട്ടഞ്ചാല്‍ അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായിരുന്നു.
കാഞ്ഞങ്ങാട്: വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന പുതിയ നഗരസഭാ ഭരണസമിതിയില്‍ കെ.വി. സുജാത ചെയര്‍പേഴ്‌സണാകും. ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചരിത്രാധ്യാപികയായ സുജാതയെ തിരഞ്ഞെടുപ്പിനു മുമ്ബ് തന്നെ സി.പി.എം ചെയര്‍പേഴ്‌സണായി നിശ്ചയിച്ചിരുന്നു. നഗരസഭയിലെ നാലാം വാര്‍ഡായ അതിയാമ്ബൂരില്‍ നിന്നാണ് സുജാത തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ഭരണസമിതിയിലെ ചെയര്‍മാന്‍ വി.വി. രമേശന്‍ തിരഞ്ഞെടുക്കപ്പെട്ടതും അതിയാമ്ബൂരില്‍ നിന്നാണ്. സി.പി.എം റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തു വരികയും പിന്നീട് യു.ഡി.എഫ് പിന്തുണയ്ക്കുകയും ചെയ്ത പി. ലീലയെയും ബി.ജെ.പിയിലെ വിജയ മുകുന്ദിനെയും പരാജയപ്പെടുത്തിയാണ് സുജാത ഒന്നാമതെത്തിയത്.
248 വോട്ടിന്റെ ഭൂരിപക്ഷമാണ് സുജാതയ്ക്ക് ലഭിച്ചത്. പുരോഗമന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യമുള്ള സുജാത കെ.എസ്.ടി.എയുടെ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. വൈസ് ചെയര്‍മാനായി ഐ.എന്‍.എല്ലിലെ ബില്‍ടെക് അബ്ദുള്ള വരുമെന്നാണ് സൂചന. ഇടതുമുന്നണിക്ക് ലഭിച്ച 24 സീറ്റില്‍ മൂന്നെണ്ണം ഐ.എന്‍.എല്ലിന്റെതാണ്.
കഴിഞ്ഞ തവണ ഐ.എന്‍.എല്ലിന് രണ്ടംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഐ.എന്‍.എല്ലിനായിരുന്നു. അതുകൊണ്ടു തന്നെ ഇത്തവണ മൂന്നംഗങ്ങളുള്ളതിനാല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം അവര്‍ക്കുതന്നെ ലഭിക്കും. ഈ മാസം 28 നാണ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ്.

