അഡ്ലെയ്ഡിൽ തകർന്നടിഞ്ഞ് ഇന്ത്യ ; ഓസീസിന് 90 റൺസ് വിജയലക്ഷ്യം

അഡ്ലെയ്ഡ്: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് 90 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 9 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം തുടങ്ങിയ ഇന്ത്യന്‍ ഇന്നിംഗ്സ് വെറും 36 റണ്‍സില്‍ എന്ന നിലയില്‍ അവസാനിച്ചു.ഇന്ത്യയുടെ ഒരു ബാറ്റ്സ്മാനും രണ്ടക്കം കടന്നില്ല, മൂന്നുപേര്‍ക്ക് പൂജ്യം. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.
ബാറ്റിങ്ങിനിടെ പരുക്കേറ്റ മുഹമ്മദ് ഷമി റിട്ടയേഡ് ഹര്‍ട്ടായി. ഓസ്ട്രേലിയക്കു വേണ്ടി ജോഷ് ഹെയ്സല്‍വുഡ് അഞ്ചു വിക്കറ്റും പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റും വീഴ്ത്തി. ഓസ്ട്രലിയയ്ക്ക് ജയിക്കാന്‍ 90 റണ്‍സ് വേണം.
വെറും അഞ്ച് ഓവറില്‍ എട്ടു റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹെയ്സല്‍വുഡും നാലു വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്ബത് റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പാറ്റ് കമ്മിന്‍സ് തിരിച്ചടി നല്കി. ആദ്യം നൈറ്റ് വാച്ച്മാന് ജസ്പ്രീത് ബുംറയെ (2) പുറത്താക്കിയ കമ്മിന്‍സ് പിന്നാലെ ചേതേശ്വര്‍ പൂജാര (0), വിരാട് കോലി (4) എന്നിവരെ മടക്കി. മൂന്നാം ദിനത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെ മായങ്ക് അഗര്‍വാളിനെ പുറത്താക്കി ജോഷ് ഹെയ്സല്‍വുഡും വേട്ടയ്ക്കിറങ്ങി. പിന്നാലെ അജിങ്ക്യ രഹാനെയും (0) ഹെയ്സല്‍വുഡിനു മുന്നില്‍ വീണു. പിന്നാലെ ഹനുമ വിഹാരി (8), വൃദ്ധിമാന്‍ സാഹ (4), ആര്. അശ്വിന് (0) എന്നിവരെയും മടക്കി ഹെയ്സല്‍വുഡ് അഞ്ചു വിക്കറ്റും ടെസ്റ്റ് കരിയറില്‍ 200 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.

