കൊടും തണുപ്പിലും ശക്തിയാർജിച്ച് കർഷക സമരം ;
ഭരണപക്ഷത്തെ രണ്ടു പ്രമുഖർ കർഷകർക്കൊപ്പം

ന്യൂഡൽഹി:ഉത്തരേന്ത്യയിലെ കൊടുംതണുപ്പ് വകവെക്കാതെ കർഷകപ്രക്ഷോഭം 25-ാം ദിവസത്തേക്ക് പ്രവേശിച്ചിരിക്കേ, ഭരണപക്ഷത്ത് നീരസങ്ങൾ പുകയുന്നു. കാർഷികനിയമങ്ങളിൽ കേന്ദ്രസർക്കാരിന്റെ ന്യായീകരണങ്ങൾ തള്ളി ഹരിയാണയിൽനിന്നുള്ള മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ബീരേന്ദർ സിങ് കർഷകസമരത്തിൽ പങ്കുചേർന്നു. ഇതിനുപുറമേ, കർഷകരോടുള്ള സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് എൻ.ഡി.എ. സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ.എൽ.പി.)യുടെ എം.പി. ഹനുമാൻ ബേനിവാൾ മൂന്ന് പാർലമെന്ററി സമിതികളിൽനിന്നു രാജിവെച്ചു.
രാജസ്ഥാനിലെ നാഗോർ എം.പി.യായ അദ്ദേഹം 26-ന് രണ്ടുലക്ഷം പേരുമായി ഡൽഹിയിലേക്ക് മാർച്ചുചെയ്യുമെന്നും പ്രഖ്യാപിച്ചു. പ്രക്ഷോഭത്തിനിടെ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് സംയുക്ത കിസാൻ മോർച്ച സംഘടിപ്പിക്കുന്ന ശ്രദ്ധാഞ്ജലിസഭകൾ ഞായറാഴ്ച രാജ്യത്തെ ഒരുലക്ഷം ഗ്രാമങ്ങളിൽ നടക്കും. കൂടാതെ, കിസാൻസഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ ഇരുപതിലേറെ ജില്ലകളിൽനിന്നുള്ള കർഷകർ പങ്കെടുക്കുന്ന ദില്ലി ചലോ റാലി തിങ്കളാഴ്ച നാസിക്കിൽ ആരംഭിക്കും.
ഹരിയാണയിലെ ജാട്ട് നേതാവുകൂടിയാണ് ബീരേന്ദർ സിങ്. നിലവിൽ ബി.ജെ.പി. എം.പി.യാണ് അദ്ദേഹത്തിന്റെ മകൻ ബ്രിജേന്ദ്ര സിങ്. പുതിയ നിയമങ്ങൾ കർഷകരുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെന്ന് തനിക്ക് ആശങ്കയുണ്ട് -ബിരേന്ദർ സിങ് നിലപാടു വ്യക്തമാക്കി.
ലോക്സഭയിൽ ആർ.എൽ.പി.യുടെ ഏകപ്രതിനിധിയാണ് ഹനുമാൻ ബേനിവാൾ. എന്നാൽ, രാജസ്ഥാനിൽ മൂന്ന് എം.എൽ.എ.മാരുണ്ട്. കാർഷികനിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ എൻ.ഡി.എ. വിടുമെന്ന് ബേനിവാൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനു മുന്നോടിയാണ് പാർലമെന്ററി സമിതികളിൽ നിന്നുള്ള രാജിയെന്നും അറിയുന്നു. എൻ.ഡി.എ.യിൽ തുടരുന്ന കാര്യം 26-ന് തുടങ്ങുന്ന റാലിയിൽ തീരുമാനിക്കുമെന്ന് ബേനിവാൾ പറഞ്ഞു.
ഹരിയാണ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കേന്ദ്രകൃഷിമന്ത്രി തോമറുമായി കൂടിക്കാഴ്ച നടത്തി. രണ്ടുമൂന്നു ദിവസത്തിനകം അടുത്തഘട്ട ചർച്ച നടക്കുമെന്നാണ് കരുതുന്നത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഖട്ടർ പറഞ്ഞു.

