KSDLIVENEWS

Real news for everyone

കർഷകർ സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരില്ല , ഷഹീൻബാഗ് അനുഭവം ഉണ്ടാകുമെന്ന് നിയമോപദേശം

SHARE THIS ON

ദില്ലി: സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരേണ്ടതില്ലെന്ന് കര്‍ഷകര്‍ക്ക് നിയമോപദേശം ലഭിച്ചു. ഷഹീന്‍ബാഗ് സമരത്തില്‍ ഉണ്ടായതുപോലെയുള്ള അനുഭവം സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നാല്‍ ഉണ്ടാകുമെന്നും നിയമ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും.

കര്‍ഷക സമരം 25 ആം ദിവസത്തിലേക്ക് കടന്നു. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. സമരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കര്‍ഷകര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതോടെ കേന്ദ്രസര്‍ക്കാറും കര്‍ഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയില്‍ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്.മൂന്നു ദിവസത്തിനകം കര്‍ഷകരുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. സുപ്രീംകോടതിയിലെ കേസില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച്‌ അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. ദില്ലി -ആഗ്ര, ദില്ലി – രാജസ്ഥാന്‍ ദേശീയപാത ഉപരോധവും, തിക്രി, ഗാസിപൂര്‍ ജില്ല അതിര്‍ത്തികളില്‍ സമരവും ശക്തമായി തുടരുകയാണ്.

കൊവിഡിന് പുറമേ മറ്റ് പകര്‍ച്ചവ്യാധികള്‍ സമരക്കാര്‍ക്കിടയില്‍ പടരാനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സമരത്തിനിടെ ഇതുവരെ 33 കര്‍ഷകരാണ് മരണപ്പെട്ടത്. ജീവത്യാഗം ചെയ്ത കര്‍ഷകര്‍ക്ക് ഇന്ന് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!