KSDLIVENEWS

Real news for everyone

കോവിഡിന്റെ പുതിയ വകഭേദം; സൗദി അതിര്‍ത്തികള്‍ അടച്ചു, വിമാനസര്‍വീസുകള്‍ നിര്‍ത്തി

SHARE THIS ON

ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങി. വൈറസ് വ്യാപനം കണക്കിലെടുത്ത് സൗദി ഒരാഴ്ചത്തേക്ക് അതിർത്തികൾ അടച്ചു. എല്ലാ വിദേശ വിമാന സർവീസുകളും റദ്ദാക്കി. കടൽമാർഗവും കരമാർഗവും രാജ്യത്തേക്ക് യാത്രക്കാരുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ കണക്കിലെടുത്ത് ആവശ്യമെങ്കിൽ യാത്രാനിരോധനം തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ സൗദിയിലുളള വിമാനങ്ങൾക്ക് നിരോധനം ബാധകമാവില്ല. ഈ വിമാനങ്ങൾക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുളള സഹായ വിതരണത്തെയും ചരക്കുനീക്കത്തേയും നിരോധനം ബാധിക്കില്ല.
നിരവധി രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ, പൊതുജനാരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് വൈറസിനെ കുറിച്ചുളള വിവരങ്ങളിൽ വ്യക്തത വരുന്നത് വരെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്നാണ് സൗദി അറേബ്യ പ്രസ്താവനയിൽ അറിയിച്ചത്.
കോവിഡ് വ്യാപനം നടന്നിട്ടുളള വിദേശരാജ്യങ്ങളിൽ നിന്ന് സൗദിയിൽ മടങ്ങിയെത്തുന്നവർ രണ്ടാഴ്ചത്തേക്ക് ഹോം ഐസൊലേഷനിൽ പോകണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതിനിടയിൽ അഞ്ചുദിവസങ്ങളുടെ ഇടവേളയിൽ കോവിഡ് 19 പരിശോധന തുടർച്ചയായി നടത്തുകയും വേണം.
സൗദിക്ക് പുറമേ വൈറസിന്റെ വകഭേദം കണ്ടെത്തിയ ബ്രിട്ടണിൽ നിന്നുളള വിമാന സർവീസുകൾക്ക് കുവൈത്തും വിലക്ക് ഏർപ്പെടുത്തി.

ബ്രിട്ടനിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് അറിയിച്ചത്. ആദ്യവൈറസിനെക്കാൾ 70 ശതമാനമധികം വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്
നിലവിൽ അംഗീകാരം നൽകിയ വാക്സിനുകൾ പുതിയ വൈറസിനും ഫലപ്രദമാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ഓസ്ട്രേലിയയിലും ഡെൻമാർക്കിലും നെതർലാൻഡ്സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) അറിയിച്ചു.

തെക്കുകിഴക്കൻ ഇംഗ്ലണ്ടിൽ ഇതോടെ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ ബ്രിട്ടനുമായി ചർച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതികരിച്ചു.
ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയും മുന്നൊരുക്കം തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച രാവിലെ അടിയന്തര യോഗം ചേരും.
കോവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് അനിയന്ത്രിതമാം വിധം പടർന്നുവെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് ആരോഗ്യസെക്രട്ടറി മറ്റ് ഹാൻകോക്ക് അറിയിച്ചു.
വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനുവരി ഒന്നുവരെ ബ്രിട്ടനിൽനിന്നുള്ള വിമാനയാത്രയ്ക്ക് നെതർലൻഡ്സ് വിലക്കേർപ്പെടുത്തി. ബെൽജിയം ഞായറാഴ്ച അർധരാത്രിമുതൽ 24 മണിക്കൂർ നേരത്തേക്കും യാത്ര വിലക്കിയിട്ടുണ്ട്.

ഇറ്റലി, ഫ്രാൻസ്, ജർമനി, അയർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. സമയം പ്രഖ്യാപിച്ചിട്ടില്ല. സമാന വൈറസിന്റെ സാന്നിധ്യം രാജ്യത്തു നടത്തിയ പരിശോധനയിലും ചിലരിൽ കണ്ടെത്തിയതോടെയാണ് നെതർലൻഡ്സിന്റെ നടപടി. വൈറസിന്റെ അപകടനില കൈകാര്യം ചെയ്യുന്നതിൽ യൂറോപ്യൻ യൂണിയനോട് ചേർന്നുപ്രവർത്തിക്കുമെന്നും ഡച്ച് സർക്കാർ അറിയിച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ നെതർലാൻഡ്സിലും ജർമനിയിലും ജനുവരി ഒന്നുവരെ പുതിയ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്
കോവിഡ് സാഹചര്യത്തിൽ രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാർ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!