ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി 25 ന് പ്രധാനമന്ത്രി സംസാരിക്കും; 18,000 കോടി കൈമാറും

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ആശയ വിനിമയം നടത്തും. പി.എം കിസാൻ സമ്മാൻ നിധി (പി.എം – കിസാൻ) യുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറുന്ന ചടങ്ങും ഇതോടൊപ്പം നടക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
18,000 കോടി രൂപയാവും ഒമ്പത് കോടി കർഷകരുടെ കുടുംബങ്ങൾക്ക് കൈമാറുക. ഡിസംബർ 25 ന് ഉച്ചയ്ക്ക് 12 മണിക്ക് വെർച്വലായി നടക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണമുണ്ടാകും. ‘പി.എം കിസാൻ സമ്മാൻ നിധിയുടെ അടുത്ത ഗഡു സാമ്പത്തിക സഹായം ഡിസംബർ 25ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും. 18,000 കോടി രൂപയാവും ഗുണഭോക്താക്കളായ ഒമ്പത് കോടി കർഷക കുടുംബങ്ങൾക്ക് കൈമാറുക ‘- പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി പ്രധാനമന്ത്രി മോദി ചടങ്ങിനിടെ ആശയ വിനിമയം നടത്തും. കേന്ദ്ര സർക്കാർ കർഷകർക്കുവേണ്ടി നടപ്പാക്കിയ വിവിധ പദ്ധതികൾ, പി.എം കിസാൻ പദ്ധതി എന്നിവയെക്കുറിച്ച് കർഷകർ ചടങ്ങിൽ സംസാരിക്കും. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും ചടങ്ങിൽ സംബന്ധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതിനിടെ ഇപ്പോഴുള്ള കേന്ദ്ര സർക്കാർ കാർഷിക മേഖലയിൽ വിവിധ പരിഷ്കാരങ്ങൾ കൊണ്ടുവന്നുവെന്നും ഇനിയും പലതിനെക്കുറിച്ചുമുള്ള ചർച്ചകൾ തുടരുകയാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കൂടുതൽ പരിഷ്കരണ നടപടികൾ ഭാവിയിൽ കൊണ്ടിവരികതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെപ്പറ്റി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിക്കിടെ കൂടുതൽ കർഷകരെ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നതിന് ബാങ്കുകളെ അദ്ദേഹം അഭിനന്ദിച്ചു. ഒരു കോടി കർഷകരെയാണ് കോവിഡ് കാലത്ത് ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നതെന്നും കഴിഞ്ഞ എട്ട് മാസത്തിനിടെ ഒരു ലക്ഷം കോടിരൂപ കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ പദ്ധതികളിലൂടെ കർഷകരുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുകയും അവർക്ക് ആനുകൂല്യങ്ങളും മികച്ച വിലയും ഉറപ്പാക്കുകയും ചെയ്യും. കോവിഡ് വ്യാപനത്തിനിടെയും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം മുടക്കമില്ലാതെ നടന്നുവെന്നും കേന്ദ്ര കൃഷിമന്ത്രി ചൂണ്ടിക്കാട്ടി.

