ഉളിയത്തടുക്കയിലും വേണം, വികസനം ; പൊതുശൗചാലയമെന്ന ബോർഡ് നോക്കു കുത്തി മാത്രം

മധൂർ: പഞ്ചായത്തിന്റെ ആസ്ഥാനമായ നഗരമാണ് ഉളിയത്തടുക്ക. വിവിധ ആവശ്യങ്ങൾക്കായി നൂറുകണക്കിനുപേരാണ് ഉളിയത്തടുക്കയിലെത്തുന്നത്. എന്നാൽ, ഇവിടെയെത്തുന്നവർക്കൊന്ന് മൂത്രശങ്ക തോന്നിയാൽ പെട്ടതുതന്നെ. വർഷങ്ങളായി വ്യാപാരികളും ടാക്സിഡ്രൈവർമാരും മുറവിളി കൂട്ടിയിട്ടും ഇതുവരെയും ശൗചാലയം പണിതിട്ടില്ല.
ഇതുമൂലം സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മധൂർ മദനന്തേശ്വര ക്ഷേത്രം, വില്ലേജ്-പഞ്ചായത്തോഫീസുകൾ, ബ്ലോക്ക് റിസോഴ്‌സ് സെന്റർ, മായിപ്പാടി ഡയറ്റ് തുടങ്ങിയ നിരവധി സ്ഥാപനങ്ങളാണ് ഉളിയത്തടുക്കയിലും പരിസരത്തുമായുള്ളത്. പ്രശസ്തമായ മന്തുരോഗചികിത്സാകേന്ദ്രത്തിലേക്കും അന്യസംസ്ഥാനങ്ങളിൽനിന്ന് നിരവധിപേർ ദിനംപ്രതി ഇവിടെ എത്തുന്നുണ്ട്.
ഉളിയത്തടുക്ക ടൗണിൽ സർക്കാർവക ആരോഗ്യകേന്ദ്രങ്ങളൊന്നുമില്ല. ടൗണിൽ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസ് സ്റ്റാൻഡ് കെട്ടിടവും ഇവിടെയില്ല. തെരുവുവിളകൾ പലതും കത്തുന്നില്ല. ഉളിയത്തടുക്ക ടൗണിൽ വികസനമെത്തിക്കാൻ പുതിയ തദ്ദേശ ഭരണസമിതികൾ മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷ.

