കാഞ്ഞങ്ങാട് ഔഫ് കൊലപാതകം ; രണ്ടു പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി

കാസർഗോഡ്: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഔഫിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍, എംഎസ്‌എഫ് പ്രവര്‍ത്തകന്‍ ഹസന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
ഔഫിനെ കൊലപ്പെടുത്താന്‍ ഒന്നാം പ്രതിയായ ഇര്‍ഷാദിനെ ഇരുവരും സഹായിച്ചെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ ഇര്‍ഷാദ് പരിയാരം മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. സംഘര്‍ഷത്തിനിടെ ഇയാള്‍ക്കും പരിക്കേറ്റിരുന്നു.
കല്ലൂരാവി മുണ്ടത്തോട് റോഡിലൂടെ ബൈക്കില്‍ വന്ന ഔഫിനെ മതിലിന് പിന്നില്‍ പതുങ്ങിയിരുന്ന മൂന്നംഗ സംഘം ചാടിവീണ് വെട്ടുകയായിരുന്നു. ഇര്‍ഷാദിന്റെ വീടിന് മുന്നിലായിരുന്നു സംഭവം.ഇവിടെ നിന്ന് ഇരുമ്ബ് ദണ്ഡും പൊട്ടിയ കണ്ണടയുടെ കഷണങ്ങളും തുണി കെട്ടിയ മരവടിയും പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസ് നായ മതിലിനോട് ചേര്‍ന്ന് മണം പിടിച്ചോടി കടപ്പുറം നവോദയ ക്ലബ് റോഡിലുള്ള ഭഗവതി ഗുളികസ്ഥാനം വരെയെത്തിയിരുന്നു. അവിടെ വാഹനം നിറുത്തിയിട്ട ശേഷമാണ് കൊലയാളികള്‍ ഔഫ് വരുന്ന വഴിയില്‍ എത്തിയതെന്നാണ് സൂചന. കല്ലൂരാവിയിലെ ആയിഷയുടെയും മഞ്ചേശ്വരത്തെ അബ്ദുള്ള ദാരിമിയുടെയും മകനാണ് ഔഫ്. ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയത്.

