രജനീകാന്തിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല ; കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കും

ചെന്നൈ: രജനീകാന്തിന്റെ ആരോഗ്യനില വലിയ മാറ്റമില്ലാതെ തുടരുന്നുവെന്ന് വാര്‍ത്താക്കുറിപ്പ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണെന്ന് നടന് ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചികിത്സ തുടരുകയാണെന്നും ഇതുവരെ നടത്തിയ പരിശോധനകളില്‍ ആശങ്കകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് പുതിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.
രജനീകാന്തിനെ ഇന്ന് കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കിയ ശേഷമായിരിക്കും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ പൂര്‍ണ വിശ്രമമാണ് രജനീകാന്തിന് നിര്‍ദേശിച്ചിട്ടുളളത്. സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ഒന്നര ആഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്ത് വരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണ സംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് നിലവിലും കൊവിഡ് ലക്ഷണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

