51 കാരിയുടെ മരണം ; വിവാഹ ഫോട്ടോ പുറത്തായതിന് വഴക്ക്; നേരത്തെയും ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും വെളിപ്പെടുത്തൽ ; കൊലയാളി 26 കാരൻ ഭർത്താവാണെന്നതിന് കൂടുതൽ തെളിവുകൾ

തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51-കാരിയുടെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് ഹോം നഴ്സിന്റെയും നാട്ടുകാരുടെയും വെളിപ്പെടുത്തൽ. മരിച്ച ശാഖയും ഭർത്താവ് അരുണും(26) തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും ശാഖയെ നേരത്തെയും ഷോക്കേൽപ്പിക്കാൻ ശ്രമിച്ചതായും വീട്ടിലെ ഹോം നഴ്സായ രേഷ്മ പറഞ്ഞു.
കിടപ്പുരോഗിയായ അമ്മയും ശാഖയും ഭർത്താവ് അരുണും മാത്രമാണ് വീട്ടിലുള്ളത്. രണ്ട് മാസം മുമ്പാണ് ശാഖയും അരുണും വിവാഹിതരായത്. എന്നാൽ രണ്ട് മാസത്തിനിടെ ഇവർ പലതവണ വഴക്കിട്ടിരുന്നതായും രേഷ്മ പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററിൽനിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി.
വൈദ്യുതമീറ്ററിൽനിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷൻ എടുത്തിരുന്നത്. ഇത് ശരീരത്തിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചു. ഇലക്ട്രിക് വയറുകൾ കണ്ട് ഭയന്നതോടെ ശാഖ തന്നെയാണ് ഇത് വിച്ഛേദിച്ചത്. കഴിഞ്ഞദിവസം വരെ ഭർത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിലെ ഹോംനഴ്സാണ് രേഷ്മ.
അതിനിടെ, ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടതായും സമീപവാസികൾ പറഞ്ഞു. മൂക്ക് ചതഞ്ഞനിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകളുണ്ടായിരുന്നു. ഷോക്കേറ്റ് വീണെന്നാണ് അരുൺ പറഞ്ഞത്. അയൽക്കാരായ യുവാക്കളും സ്ത്രീയും ചേർന്നാണ് ശാഖയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും പഞ്ചായത്ത് അംഗമായ വിജി പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽനിന്ന് ഷോക്കേറ്റെന്നായിരുന്നു ഭർത്താവ് അരുണിന്റെ മൊഴി. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

