KSDLIVENEWS

Real news for everyone

സ്പീക്കര്‍ ഗവര്‍ണറെ കണ്ടു; പ്രത്യേകനിയമസഭാ സമ്മേളനത്തിന് അനുമതി ലഭിച്ചേക്കും

SHARE THIS ON

തിരുവനന്തപുരം: ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നതിന് അനുമതി തേടി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാസമ്മേളനത്തിന് അനുമതി നൽകാമെന്ന് ഗവർണർ ഉറപ്പുനൽകിയതായാണ് വിവരം. അതേസമയം പ്രമേയത്തിന്റെ ഉളളടക്കം സംബന്ധിച്ച് ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.
ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. ഇതിന് ഗവർണറെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സ്പീക്കർ ഗവർണറെ കാണുന്നതിനായി എത്തിയത്. ഇതിനിടയിൽ ഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നത് സംബന്ധിച്ചും ചർച്ചയുണ്ടായി.

ഗവർണർ സ്പീക്കറെ തന്റെ അതൃപ്തി അറിയിച്ചു. ആദ്യം സർക്കാർ അനുമതി ചോദിച്ചപ്പോൾ പ്രത്യേക സമ്മേളനം എന്ത് അടിയന്തര സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയില്ല. അതാണ് ആശയക്കുഴപ്പമുണ്ടായതെന്നും സാഹചര്യം ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ഗവർണർ പറഞ്ഞു. അതുകൊണ്ടാണ് വിശദീകരണം ചോദിച്ചത്. എന്നാൽ സർക്കാർ നൽകിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല.
കഴിഞ്ഞദിവസം മന്ത്രിമാരും ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും ഗവർണറെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ സ്പീക്കർ കൂടി ഇക്കാര്യങ്ങൾ സൂചിപ്പിച്ചതോടെ സമ്മേളനത്തിന് അനുമതി നൽകാമെന്ന ഉറപ്പ് ഗവർണർ നല്കിയതായാണ് സൂചന.
ഗവർണർ രണ്ടുകാര്യങ്ങളിലാണ് സർക്കാരിന്റെ വിശദീകരണം തേടിയിട്ടുളളത്. ഏത് സാഹചര്യത്തിലാണ് സമ്മേളനം ചേരുന്നതെന്ന് രേഖാമൂലം അറിയിക്കണമെന്നും പ്രമേയമുണ്ടെങ്കിൽ അതിന്റെ ഉളളടക്കം അറിയിക്കണമെന്നുമായിരുന്നു ആവശ്യം. രണ്ടു കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!