ദുരിത യാത്രയ്ക്ക് പരിഹാരമില്ല ; അന്തർസംസ്ഥാന പാതയിൽ ചെർക്കള മുതൽ ചർളടുക്കവരെ റോഡ് പൊട്ടിപ്പൊളിഞ്ഞു വർഷങ്ങൾ കഴിഞ്ഞു : നെല്ലിക്കട്ടയിൽ സ്ഥലം എംഎൽഎയ്ക്ക് മുന്നിൽ നാട്ടുകാർ പ്ലാക്കാർഡുകളേന്തി പ്രതിഷേധിച്ചു

ചെർക്കള: മാസങ്ങളായുള്ള ചെർക്കള-ഉക്കിനടുക്ക പാതയിലെ ദുരിത യാത്ര തുടരുന്നു. റോഡിന്റെ നവീകരണം നിലച്ചതാണ് ദുരിതയാത്രയ്ക്ക് കാരണം. കിഫ്ബി അധികൃതരുടെ വട്ടംകറക്കലിനെത്തുടർന്ന് കരാറുകാരന് ഭാഗികമായിപോലും തുക ലഭിക്കാത്തതുമൂലമാണ് റോഡുപണി നിലച്ചത്.
പ്രതിദിനം നൂറോളം വാഹനങ്ങൾ കടന്നുപോകുന്ന അന്തസ്സംസ്ഥാനപാതയുടെ നവീകരണപ്രവൃത്തി ഡിസംബറിൽ പൂർത്തിയാകുമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പും ഇതോടെ നടപ്പാകില്ല.
വെള്ളിയാഴ്ച നെല്ലിക്കട്ടയിലെത്തിയ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യ്ക്കുമുന്നിൽ പ്ലക്കാർഡുകളേന്തി നാട്ടുകാർ പ്രതിഷേധിച്ചു. ചെർക്കള മുതൽ ഉക്കിനടുക്കവരെയുള്ള 19 കിലോമീറ്ററിൽ 39.76 കോടി രൂപയാണ് അനുവദിച്ചത്. ഏഴുമുതൽ ഒൻപതുമീറ്റർവരെ വീതിയിലാണ് മെക്കാഡം ടാറിടുന്നത്. ചെർക്കള മുതൽ ചെർളടുക്കവരെയുള്ള ഏഴുകിലോമീറ്റർ വരുന്ന റോഡ് പൂർണമായും ഇപ്പോൾ തകർന്നിരിക്കയാണ്. 2018 ഒക്ടോബറിലാണ് ചെർക്കള-ഉക്കിനടുക്ക റോഡുപണി തുടങ്ങിയത്.
12 മാസമായിരുന്നു നിർമാണകാലാവധി. 2019 ഒക്ടോബറിൽ പൂർത്തീകരിക്കേണ്ട പണി ഇഴയുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിയമസഭയിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ജി.സുധാകരൻ ഡിസംബറിൽ പൂർത്തിയാക്കുമെന്ന് വ്യക്തമാക്കിയത്. ഈ റോഡിൽ കഴിഞ്ഞ 10 വർഷത്തിലധികമായി അറ്റകുറ്റപ്പണിമാത്രമാണ് നടത്തിയത്.
ദീർഘ കാലത്തെ ജനങ്ങളുടെ മുറവിളിക്കുശേഷമാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരണത്തിന് പണമനുവദിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് ഇതുവഴി 50 കിലോമീറ്ററോളം ലാഭിക്കാം. ഉക്കിനടുക്കയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കും റോഡ് ഏറെ സൗകര്യമാകും.
കുടിശ്ശിക 12 കോടി
ഉക്കിനടുക്ക മുതൽ ചെർളടുക്കംവരെയുള്ള നവീകരണപ്രവൃത്തി നടത്തിയ വകയിൽ കരാറുകാരന് 12 കോടി രൂപ ലഭിക്കാനുണ്ട്. ബില്ല് സമർപ്പിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും അധികൃതർ തുക അനുവദിച്ചില്ല. ബിൽത്തുകയുടെ പകുതിയെങ്കിലും ലഭിച്ചാൽ മാത്രമേ റോഡുപണി തുടങ്ങാനാവൂ എന്നാണ് കരാറുകാരൻ പറയുന്നത്.
ചെർക്കള-കല്ലടുക്കം അന്തസ്സംസ്ഥാനപാതയിൽ അതിർത്തിയായ അടുക്കസ്ഥലവരെയാണ് നവീകരണം നടക്കുന്നത്.
കാസർഗോഡ് മണ്ഡലത്തിൽപ്പെടുന്ന ചെർക്കള മുതൽ ഉക്കിനടുക്കവരെയും മഞ്ചേശ്വരം മണ്ഡലത്തിൽപ്പെടുന്ന ഉക്കിനടുക്ക മുതൽ അടുക്കസ്ഥലവരെയും രണ്ടുഭാഗമായി തിരിച്ചാണ് ടെൻഡർ നൽകിയിരുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ 10 കിലോമീറ്ററിൽ 27 കോടി രൂപ ചെലവഴിച്ചുള്ള നിർമാണം 90 ശതമാനം പൂർത്തിയായി. ഇവിടെ കരാറുകാരന് ഭാഗികമായി തുക ലഭിച്ചിട്ടുണ്ട്.

