എം.എസ് ധോണി ഈ പതിറ്റാണ്ടിന്റെ ടി 20 ടീം നായകൻ ; ടീമിൽ ഇന്ത്യയിൽനിന്ന് മൂന്നുപേർ കൂടി

ദുബായ്: മഹേന്ദ്ര സിങ് ധോണിയ്ക്ക് അപൂര്‍വ്വ നേട്ടവുമായി ഐസിസിയുടെ പതിറ്റാണ്ടിന്‍റെ ടി20 ടീം പ്രഖ്യാപനം. ടീമിന്‍റെ നായകനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത് ധോണിയെയാണ്. ധോണിയെ കൂടാതെ മൂന്നുപേര്‍ കൂടി ഐസിസി ടി20 ടീമില്‍ ഇന്ത്യയില്‍നിന്നുണ്ട്. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രിത് ബുംറ എന്നിവരാണ് ടീമില്‍ ഇടം കണ്ടെത്തിയ മറ്റു ഇന്ത്യക്കാര്‍. എംഎസ് ധോണിയെ ഈ ദശകത്തിലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായും ഐസിസി തിരഞ്ഞെടുത്തു. ടെസ്റ്റ് ടീമിന്‍റെ നായകന്‍ വിരാട് കോഹ്ലിയാണ്. ടി20, ഏകദിനം, ടെസ്റ്റ് ടീമികളില്‍ ഇടംനേടാന്‍ കഴിഞ്ഞ ഏക താരവും കോഹ്ലിയാണ്.
ടീമില്‍ രണ്ട് ഓസ്‌ട്രേലിയക്കാരും (ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍), രണ്ട് വെസ്റ്റ്‌ഇന്‍ഡീസുകാരും (ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്) ഇടം കണ്ടെത്തി. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഒരാള്‍ (എ ബി ഡിവില്ലിയേഴ്‌സ്), അഫ്ഗാനിസ്ഥാനില്‍നിന്ന് ഒരാള്‍ (റാഷിദ് ഖാന്‍), ശ്രീലങ്കയില്‍ നിന്ന് ഒരാള്‍ (ലസിത് മലിംഗ) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ പ്രാതിനിധ്യം. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ടീമിന് പ്രാതിനിധ്യം ഇല്ല എന്നത് ശ്രദ്ധേയമാണ്. ഐസിസിയുടെ റാങ്കിംഗില്‍ ഇംഗ്ലണ്ട് നിലവില്‍ ഒന്നാം സ്ഥാനത്താണ്, നേരത്തെ പാകിസ്താന്‍ ആയിരുന്നു ഒന്നാമത്. 2016 ല്‍ നടന്ന ഐസിസി ടി 20 ലോകകപ്പിലും ഇംഗ്ലണ്ട് റണ്ണറപ്പായിരുന്നു.

