KSDLIVENEWS

Real news for everyone

അധ്യക്ഷസ്ഥാനങ്ങളുടെ പേരില്‍ പലയിടത്തും പൊട്ടിത്തെറി; തര്‍ക്കവും കൈയ്യാങ്കളിയും

SHARE THIS ON

തിരുവനന്തപുരം: പതിവിന് വിപരീതമായി ഇത്തണത്തെ കോർപറേഷൻ, നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പുകളിൽ പലയിടത്തും സംഘർഷങ്ങളും കൈയ്യാങ്കളിയും. അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ പേരിൽ മുന്നണിക്കകത്തുള്ള പ്രശ്നങ്ങൾ മുതൽ വോട്ട് രേഖപ്പെടുത്തിയതിലെ അപാകതകൾ വരെ സംഘർഷാവസ്ഥകൾക്ക് കാരണമായി. പലയിടത്തും മണിക്കൂറുകൾ നീണ്ട അനിശ്ചിതാവസ്ഥകൾക്കു ശേഷമാണ് അധ്യക്ഷ-ഉപാധ്യക്ഷ തിരഞ്ഞെടുപ്പുകളുടെ നടപടിക്രമങ്ങൾ പൂർത്തിയായത്.
ആലപ്പുഴയിൽ പാർട്ടി തീരുമാനത്തിനെതിരെ പ്രവർത്തകർ
ആലപ്പുഴ നഗരസഭ അധ്യക്ഷപദവിയിലെ തർക്കത്തെ തുടർന്ന് സി.പി.എം. നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ രംഗത്തെത്തിയത് സി.പി.എമ്മിനെ സംബന്ധിച്ച് അപൂർവ്വമായ സംഭവമായി. പാർട്ടിയിൽ ഏറെ നാളത്തെ പരിചയമുള്ള ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ജയമ്മയെ അധ്യക്ഷയാക്കാതെ ഒരു തവണ മാത്രം കൗൺസിലർ ആയ സൗമ്യ രാജിനെ അധ്യക്ഷ പദവയിലേക്ക് തിരഞ്ഞെടുത്തതാണ് പ്രവർത്തകരെ ഇവിടെ പ്രകോപിപ്പിച്ചത്.
പാർട്ടി ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ജയമ്മയ്ക്ക് പകരം സൗമ്യ രാജിനെ തിരഞ്ഞെടുത്തത് കോഴ വാങ്ങിയാണെന്നാരോപിച്ച് നേതൃത്വത്തിനെതിരേ നൂറോളം പ്രവർത്തകർ പാർട്ടികൊടിയും മുദ്രാവാക്യവുമായി തെരുവിലിറങ്ങി. പി.പി. ചിത്തരഞ്ജൻ അടക്കമുള്ള നേതാക്കൾക്കെതിരേയാണ് പ്രധാനമായും മുദ്രാവാക്യം ഉയർന്നത്. പ്രശ്ന പരിഹാരത്തിനായി നഗരസഭയിലേക്ക് വിജയിച്ച ഇടതുപക്ഷ കൗൺസിലർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. തുടർന്നാണ് പ്രതിഷേധം അരങ്ങേറിയത്.

നെടുമങ്ങാട്ട് സി.പി.ഐയെ തോൽപ്പിച്ച് സി.പി.എം.
നെടുമങ്ങാട് നഗരസഭയിൽ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുണ്ടായ പോരാട്ടവും ഇത്തവണത്തെ അപൂർവ കാഴ്ചയായി. സി.പി.ഐയ്ക്ക് ഉപാധ്യക്ഷ സ്ഥാനം നൽകാമെന്ന് നേരത്തെയുണ്ടാക്കിയിരുന്ന ധാരണ തെറ്റിച്ചതാണ് ഇവിടെ സി.പി.എം.-സി.പി.ഐ. ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്. തുടർന്ന് ഉപാധ്യക്ഷ സ്ഥാനത്തേക്ക് സി.പി.എമ്മും സി.പി.ഐയും സ്ഥാനാർഥികളെ മത്സരിപ്പിച്ചു. സി.പി.എം. സ്ഥാനാർഥി ഹരികേശൻ നായരാണ് വിജയിച്ചത്- 24 വോട്ടിന്. മൂന്ന് വോട്ടാണ് സി.പി.ഐ. സ്ഥാനാർഥി എസ്. രവീന്ദ്രന് ലഭിച്ചത്.
എൽ.ഡി.എഫ്. ധാരണ പ്രകാരം സി.പി.ഐക്കാണ് വൈസ് ചെയർമാൻ സ്ഥാനം നൽകേണ്ടിയിരുന്നത്. എന്നാൽ സി.പി.ഐ. സ്ഥാനാർഥിയായി തീരുമാനിച്ച എസ്. രവീന്ദ്രനെ അംഗീകരിക്കില്ലെന്ന് സി.പി.എം. നേതാക്കൾ വ്യക്തമാക്കി. സി.പി.എം. വിട്ട് സി.പി.ഐയിൽ ചേർന്ന എസ്. രവീന്ദ്രനെ അംഗീകരിക്കാനാവില്ലെന്നതായിരുന്നു സി.പി.എമ്മിന്റെ നിലപാട്. ഇതാണ് ഘടകകക്ഷികൾ തമ്മിലുള്ള ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്.
കൊച്ചിയിൽ സമയത്തെച്ചൊല്ലി തർക്കം, കയ്യാങ്കളി
കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് തിരഞ്ഞെടുപ്പ് പ്രക്രിയ അനിശ്ചിതമായി നീളുന്നതിന് കാരണമായി. വൈകിയെത്തിയ സി.പി.എം. അംഗങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ്. പ്രതിഷേധിച്ചത്.
ഉച്ച കഴിഞ്ഞ് രണ്ടു മണിക്കായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ എൽ.ഡി.എഫ്. അംഗങ്ങൾ എത്തിയത് രണ്ടുമണി കഴിഞ്ഞാണ്. വൈകി എത്തിയ എൽ.ഡി.എഫ്. അംഗങ്ങളെ രജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കരുതെന്നും രണ്ടു മണിക്ക് കൗൺസിലിൽ എത്തിയ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണം എന്നുമായിരുന്നു യു.ഡി.എഫിന്റെ ആവശ്യം.
വരണാധികാരിയായ കളക്ടർ ഇടപെട്ട് അംഗങ്ങളെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകിയെത്തിയ അംഗങ്ങൾ ഒപ്പിടാതിരിക്കുന്നതിന് രജിസ്റ്റർ പിടിച്ചെടുക്കാനുള്ള ശ്രമവും നടന്നു. തുടർന്ന് കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. രജിസ്റ്ററിൽ ആരൊക്കെ വൈകിവന്ന് ഒപ്പിട്ടു എന്ന് പരിശോധിക്കണമെന്ന് യു.ഡി.എഫ്. ആവശ്യപ്പെട്ടു. അവർ രേഖാമൂലം പരാതി നൽകുകയും ചെയ്തു.
വോട്ടു മാറി, പാലക്കാട്ട് ഏറെ നേരം സംഘർഷം

പാലക്കാട് നഗരസഭയിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി. കൗൺസിലർ വോട്ട് മാറി ചെയ്തതാണ് ബഹളത്തിനിടയാക്കിയത്. ബിജെപി മൂന്നാം വാർഡ് കൗൺസിലർ വി. നടേശനാണ് വോട്ട് മാറി ചെയ്തത്. ബി.ജെ.പിക്ക് പകരം സി.പി.എമ്മിന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. എന്നാൽ അബദ്ധം തിരിച്ചറിഞ്ഞ നടേശൻ ബാലറ്റ് തിരിച്ചെടുത്തു. എന്നാൽ, ഇതിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും പ്രതിഷേധവുമായി രംഗത്തെത്തി.
ബോക്സിലിട്ടില്ലെന്ന പേരിൽ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. ഇത് വലിയ ബഹളത്തിനിടയാക്കി. ബാലറ്റ് തിരിച്ചെടുത്ത് പുതിയ വോട്ട് സ്വീകരിക്കണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. ബാലറ്റ് തിരിച്ച് നൽകിയില്ലെങ്കിൽ നടപടി നേരിടുമെന്ന് വരണാധികാരി അറിയിച്ചു. തുടർന്ന് നടേശന്റെ വോട്ട് അസാധുവായതായി വരണാധികാരി പ്രഖ്യാപിച്ചു.
കണ്ണൂരിൽ തർക്കം ലീഗിൽ, കാറു തടഞ്ഞ് പ്രതിഷേധം
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിലെ തർക്കത്തെ തുടർന്ന് കണ്ണൂരിലെ മുസ്ലിം ലീഗിൽ രൂക്ഷമായ തർക്കം ഉടലെടുത്തു. ഇതിനെ തുടർന്ന് പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അബ്ദുൾ ഖാദർ മൗലവിയുടെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു. ഇന്നലെ രാത്രി വരെ നടന്ന ചർച്ചയെ തുടർന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടു.ത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളിയാണ് ഷബീനയെ തിരഞ്ഞെടുത്തത്. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുൾ ഖാദർ മൗലവിയെ തടയുകയും 15 മിനുട്ടോളം പ്രതിഷേധിക്കുകയും ചെയ്തു. ജനാധിപത്യം പാലിച്ചില്ലെന്നും കോൺഗ്രസിൽ നടന്നതുപോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ലെന്നും അവർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!