റെയിൽവേ ഗേറ്റിൽ ബൈക്കിടിച്ചു; തുറക്കാനാകാതെ മൂന്നു മണിക്കൂർ

കാഞ്ഞങ്ങാട്: ബൈക്കിടിച്ച് കോട്ടച്ചേരി ലെവൽക്രോസിലെ ഗേറ്റ് തകരാറിലായി. ഇതേത്തുടർന്ന് മൂന്നുമണിക്കൂർ നേരം ഗേറ്റ് അടഞ്ഞു കിടന്നു. ചൊവ്വാഴ്ച വൈകിട്ട് 4.40-നാണ് സംഭവം. ഓഖ എക്സ്പ്രസിന് കടന്നുപോകാനായാണ് ഗേറ്റടച്ചത്. ഗേറ്റ് താഴുംമുൻപ് മുറിച്ചുകടക്കാമെന്നു കരുതി അമിതവേഗത്തിലെത്തിയ ബൈക്ക് ഇതിൽ ഇടിച്ചുനിന്നു.
ഇതോടെ ഗേറ്റ് നേരിയ തോതിൽ വളഞ്ഞു. പിന്നീട് ഉയർത്താൻ കഴിയാത്തവിധം ഇത് അടഞ്ഞുപോകുകയായിരുന്നു. റെയിൽവേയുടെ ഇത്തരം പണികൾ ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയിലെ മെക്കാനിക്ക് കെ.പ്രസാദ് കാസർകോട്ട് നിന്നെത്തിയാണ് ശരിയാക്കിയത്. രാത്രി 7.40-ഓടെ ഗേറ്റ് തുറന്നു.
ഇടിച്ച ബൈക്കുകാരൻ ബൈക്കുമായി പെട്ടെന്ന് കടന്നുകളഞ്ഞെന്ന് ഗേറ്റിലെ ജീവനക്കാരി കെ.സാവിത്രി പറഞ്ഞു.
കാസർകോട്ടുനിന്ന് റെയിൽവേ എ.എസ്.ഐ. ബിനോയ് കുര്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ശശി, വി.വി.സഞ്ജയ്‌കുമാർ എന്നിവർ സ്ഥലത്തെത്തി. റെയിൽവേ സ്റ്റേഷൻ റോഡിലെ വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് സ്ഥാപിച്ച സി.സി.ടി.വി. പരിശോധിച്ചെങ്കിലും ബൈക്കുകാരനെ കണ്ടെത്താനായില്ല.
കൂടുതൽ സി.സി.ടി.വി.കൾ പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു. റെയിൽവേ ഗേറ്റ് അടഞ്ഞുകിടന്നതിനാൽ ആവിക്കര മിനാപ്പീസ് കടപ്പുറം ഭാഗങ്ങളിലുള്ള വാഹനക്കാർ ഇഖ്ബാൽ ഗേറ്റുവഴിയും കുശാൽനഗർ വഴിയും യാത്ര ചെയ്തു. അതിനിടെ ഗേറ്റ് അടഞ്ഞുകിടന്നിട്ടും കോട്ടച്ചേരി ട്രാഫിക് സർക്കിളിൽനിന്ന് വാഹനം തിരിച്ചുവിടാൻ പോലീസ് ഉണ്ടായില്ല. വാഹനങ്ങൾ ഗേറ്റുവരെ പോയി മടങ്ങുകയായിരുന്നു.
ഇത് മണിക്കൂറുകളോളം ഈ റോഡിൽ ഗതാഗതക്കുരുക്കിനുമിടയാക്കി.

