KSDLIVENEWS

Real news for everyone

കള്ളനെ തേടി ഏര്‍വാടിയില്‍, വേഷംമാറി പോലീസുകാര്‍; ഷാജഹാന്‍ പിടിയിലായത് മുംതാസിന്റെ ലോഡ്ജില്‍നിന്ന്

SHARE THIS ON

മലപ്പുറം: കഴിഞ്ഞ മൂന്നുമാസമായി മലപ്പുറം ജില്ലയിലെ താനൂർ, തിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ അർധരാത്രി മുഖം മറച്ച് ആയുധങ്ങളുമായി നടന്നു മോഷണം നടത്തിയിരുന്നയാൾ ഒടുവിൽ പിടിയിലായി. ഒഴൂർ കുട്ടിയമാക്കാനകത്തു വീട്ടിൽ ഷാജഹാ(55)നെയാണ് താനൂർ പോലീസിലെ പ്രത്യേകാന്വേഷണ സംഘം തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

2020 ഒക്ടോബർ മുതലാണ് താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടത്താണി, മഞ്ഞളാംപടി, പത്തമ്പാട്, മൂച്ചിക്കൽ, മീനടത്തൂർ, താനാളൂർ ഭാഗങ്ങളിൽ ഒരാൾ മുഖം മറച്ച്, ഷർട്ട് ധരിക്കാതെ, ബാഗ് തോളിൽ തൂക്കി കൈയിൽ ആയുധവുമായി സ്ഥിരമായി രാത്രി കറങ്ങി നടന്നത്. ഈ കാഴ്ച പലയിടങ്ങളിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞെങ്കിലും ആളെ തിരിച്ചറിയാനായില്ല. കടകളുടെ പൂട്ടുകൾ തകർക്കുക, സി.സി.ടി.വി. ക്യാമറകൾ തകർക്കുക, വീടുകളുടെ വാതിലുകളും ഗ്രില്ലുകളും പൊളിക്കുക എന്നിങ്ങനെയായി ദിവസവും വിവിധ സംഭവങ്ങളുണ്ടായത് നാട്ടുകാരെയും പോലീസിനെയും വട്ടംകറക്കി.

Mathrubhumi Malayalam News
മോഷണത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ(ഇടത്ത്) സിസിടിവിയിൽ പതിഞ്ഞ ദൃശ്യം(വലത്ത്)

ഒക്ടോബർ 15-ന് പുലർച്ചെ പത്തമ്പാട് പാനാട്ടുവീട്ടിൽ മുഹമ്മദുകുട്ടിയുടെ റഹീന ക്വാർട്ടേഴ്സിൽ ഗ്രില്ലിന്റെയും വാതിലിന്റെയും പൂട്ടു പൊളിച്ച് കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെ കഴുത്തിൽ നിന്നും ഒരു പവൻ തൂക്കം വരുന്ന സ്വർണമാലയും രണ്ട് മൊബൈൽ ഫോണുകളും ഉൾപ്പടെ 51000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. 17-ന് പുലർച്ചെ മൂച്ചിക്കൽ താമസിക്കുന്ന കറ്റത്തിൽ വീട്ടിൽ അനൂപിന്റെ വീട്ടിലും സമാനരീതിയിൽ മോഷണംനടന്നു. കിടപ്പുമുറിയിലെ ഷെൽഫിനകത്തു ബാഗിൽ സൂക്ഷിച്ചിരുന്ന 1.7 ലക്ഷം രൂപയും പേഴ്സിലുണ്ടായിരുന്ന ആറായിരം രൂപയുമാണ് അന്ന് കവർന്നത്.

ഒക്ടോബർ 15 മുതൽ താനൂർ പോലീസ് ഇൻസ്പെക്ടർ പ്രമോദ്, എസ്.ഐ. ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. സലേഷ്, സബറുദ്ധീൻ എന്നിവരും നാട്ടുകാരും ട്രോമാകെയർ വൊളന്റിയർമാരും ഊഴമിട്ട് കള്ളനെ കാത്തിരുന്നു. മഫ്തിയിലും യൂണിഫോമിലുമായി രാത്രിമുഴുവൻ പട്രോളിങ് നടത്തി. പല സ്ഥലത്തും കള്ളനെ കണ്ടുവെങ്കിലും എല്ലാവരെയും കബളിപ്പിച്ച് അതിവിദഗ്ധമായി ഇയാൾ രക്ഷപ്പെട്ടു. അടുത്ത ദിവസം പരിസരത്തെ മറ്റേതെങ്കിലും വീട്ടിൽ വാതിൽ തകർത്ത് മോഷണം തുടർന്നു.

കുമാരൻ പടിയിലെ ക്വാർട്ടേഴ്സിൽ നിന്നും പത്തമ്പാട്ടെ ഒരു വീട്ടിൽനിന്നും മൊബൈൽ ഫോണുമായും കടന്നു. പോലീസിനെ വെല്ലുവിളിച്ചിറങ്ങിയ കള്ളനെ പിടിക്കാൻ പോലീസിനൊപ്പം നാട്ടുകാരും ഒരുമാസത്തോളം രാത്രി കാവലിരുന്നു. ഇതിനിടെ നവംബർ 15-ന് താനൂർ ജങ്ഷനിൽ ലോട്ടറിക്കട പൊളിച്ചു രണ്ടുലക്ഷം രൂപയുടെ ലോട്ടറിയും പണവും കവർന്നത് ഇയാളാണോ എന്ന സംശയവും ഉണ്ടായി.

Mathrubhumi Malayalam News

കളവുപോയ ഒരു മൊബൈൽ ഫോണിൽനിന്ന് ആന്ധ്രപ്രദേശിൽവെച്ച് ഒരു ഫോൺകാൾ പോയതായി സൈബർ സെൽ വഴി കണ്ടെത്തിയതാണ് അന്വേഷണത്തിൽ തുമ്പായത്. ഫോൺവിളിച്ച ആന്ധ്രാ സ്വദേശികളുടെ വിവരങ്ങൾ ഒരു മാസത്തോളം വിശദമായി പരിശോധിച്ചു. ഇതിനിടെ, ട്രൂകാളറിൽ തെളിഞ്ഞ ‘കള്ളൻ ഷാജഹാൻ’ എന്ന പേരും വഴിത്തിരിവായി. തുടർന്നാണ് മൊബൈൽ ഫോൺ വിവരങ്ങൾ പിന്തുടർന്ന് ഏർവാടിയിലെത്തി മോഷ്ടാവിനെ പിടികൂടിയത്. മൊബൈൽ ഫോൺ പലസ്ഥലങ്ങളിൽവെച്ചും സിംകാർഡുകൾ മാറിമാറി ഉപയോഗിച്ചാണ് പ്രതി പോലീസിനെ കബളിപ്പിച്ചിരുന്നത്. ഇതെല്ലാം മറികടന്ന് പ്രതിയെ പിടികൂടാനായത് പോലീസിന്റെ നേട്ടമാണ്.null

വേഷം മാറി പോലീസുകാർ, മുംതാസിന്റെ ലോഡ്ജിൽ ഷാജഹാൻ

പോലീസിന്റെ നിഴൽ കാണുമ്പോഴേക്കും രക്ഷപ്പെട്ടുപോകുന്ന ഷാജഹാനെ കുരുക്കാൻ അന്വേഷണ സംഘാംഗങ്ങളായ സലേഷും സബറുദ്ധീനും പോയത് വേഷംമാറി. അസൈൻ കോയ തങ്ങളും ഉസൈൻ കോയ തങ്ങളുമായി ഏർവാടിയിലെത്തിയ ഇവർ മുംതാസ് എന്ന സ്ത്രീയുടെ ലോഡ്ജിൽ താമസിക്കുന്ന ഷാജഹാനെ കണ്ടെത്തി. പിടിയിലായപ്പോഴും പോലീസാണെന്ന് വെളിപ്പെടുത്തിയിട്ടും കള്ളന് അത് വിശ്വാസമായിരുന്നില്ല.

ജയിലിൽ കഴിഞ്ഞത് 27 വർഷം

ആയുസ്സിന്റെ പകുതിയും ഷാജഹാൻ ജയിലിലാണ് കഴിഞ്ഞത്. 55 വയസ്സിനിടെ 27 വർഷം പലമോഷണക്കേസുകളിലായി ജയിലിലായിരുന്നു. 1992-ലായിരുന്നു ആദ്യ ശിക്ഷ. കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലായിരുന്നു ഏറെക്കാലം. ശിക്ഷ കഴിഞ്ഞിറങ്ങിയാൽ വീണ്ടും മോഷണം. വീണ്ടും ജയിൽ എന്നതായിരുന്നു രീതി.

മോഷ്ടിക്കേണ്ട സ്ഥലം മുൻകൂർ കണ്ടുവെയ്ക്കുക. അതിനുള്ള ആയുധങ്ങൾ ബാഗിലാക്കി പകൽ തന്നെ സ്ഥലത്തെത്തിക്കുക എന്നതായിരുന്നു ഇയാളുടെ ശീലം. പ്രായം തോന്നിക്കാത്ത ആരോഗദൃഡഗാത്രനാണ് ഷാജഹാൻ. ഉയരമുള്ള മതിലുകളിലും തെങ്ങിലുമെല്ലാം അനായാസം കയറാനും ചാടിയിറങ്ങാനും മിടുക്കൻ. രാത്രി 12 മണിക്ക് ശേഷമാണ് ‘പണി’ക്കിറങ്ങുന്നത്. ബർമുഡയോ ട്രൗസറോ മാത്രം ധരിച്ചും മുഖം മറച്ചും ബാഗിൽ ടൂൾസുമായി കറങ്ങും. പറ്റിയിടങ്ങളിൽ പൂട്ടുപൊളിച്ചും വാതിൽ തകർത്തും സ്വർണവും പണവും കവരും.

ഇക്കാലത്തിനിടെ ഷാജഹാൻ ഒരു സ്ക്രൂഡ്രൈവറും കമ്പിപ്പാരയും മാത്രം ഉപയോഗിച്ച് തകർത്ത പൂട്ടുകൾ നിരവധിയാണ്. താനൂരിൽ മാത്രം മൂന്നുമാസത്തിനിടെ പന്ത്രണ്ടോളം വീടുകളുടെ പൂട്ടുപൊളിച്ചു. വാതിലുകൾ ലക്ഷങ്ങളുടേതായാലും അതിനെ താങ്ങിനിർത്തുന്ന വിജാവിരി വളരെ എളുപ്പത്തിൽ പൊളിക്കാൻ ഇയാൾ വിദഗ്ധനാണ്. കയറുന്ന വീടുകളിൽ നിന്ന് ചെരിപ്പുകളെടുത്തു കൊണ്ടുപോവും. നല്ലത് കിട്ടിയാൽ അതെടുത്ത് പഴയത് ഉപേക്ഷിക്കും.

സൗകര്യപ്രദമായി മോഷ്ടിക്കുന്നതിന് താനൂർ മൂച്ചിക്കലിലെ ആളില്ലാത്ത ഒരുവീട്ടിൽ ഒമ്പതുദിവസം താമസിച്ചു. പണിനടക്കുന്ന മറ്റൊരു വീടിന്റെ മുകൾ നിലയിലും കഴിഞ്ഞു. കഞ്ഞിയായിരുന്നു പ്രധാന ഭക്ഷണം. മോഷണം കഴിഞ്ഞാൽ ബാഗിൽ കരുതിയ വസ്ത്രങ്ങളണിഞ്ഞ് അത്തറ് പൂശി കൂളായി നടന്നു പോകും. സി.സി.ടി.വി. ക്യാമറാ ദൃശ്യങ്ങൾ ടി.വി. ചാനലുകളിൽ വന്നതോടെ ബാഗ് തോളിലണിയുന്നതിന് പകരം കൈയിലേക്ക് മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!