11-ാംവട്ട ചര്ച്ചയും പരാജയം; നിലപാട് കടുപ്പിച്ച് കേന്ദ്രം, നല്കിയത് ഏറ്റവും മികച്ച വാഗ്ദാനം-മന്ത്രി

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരും കേന്ദ്രസർക്കാരുമായി നടന്ന പതിനൊന്നാംവട്ട ചർച്ചയും പരാജയപ്പെട്ടു. അടുത്ത ചർച്ചയ്ക്കുള്ള തിയതി സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ പഞ്ചാബ് സംസ്ഥാന പ്രസിഡന്റ് സുർജീത് സിഭ് ഫുൽ പറഞ്ഞു
അതേസമയം വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചന. നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം ഏറ്റവും മികച്ചതും ഒടുവിലത്തേതുമാണെന്ന് സർക്കാർ കർഷകരോടു പറഞ്ഞു. സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ കർഷകർ പുനഃപരിശോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
പത്താംവട്ട ചർച്ചയിലാണ് നിയമങ്ങൾ ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന നിർദേശം സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ ഇത് ഇന്നലെ നടന്ന ജനറൽ ബോഡി യോഗത്തിനു ശേഷം സംയുക്ത കിസാൻ മോർച്ച തള്ളിയിരുന്നു.
സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങളുടെ മേൽ ചർച്ച നടത്താൻ കർഷകർ തയ്യാറാകുമ്പോൾ മാത്രമേ അടുത്ത ചർച്ച നടക്കുകയുള്ളൂവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകരുടെ ആശങ്കകൾക്ക് ഇടം നൽകാനാണ് സർക്കാർ ശ്രമിച്ചത്. നിർദേശത്തിൽ അപാകമുണ്ടായിരുന്നില്ല. ഏറ്റവും മികച്ച വാഗ്ദാനമാണ് സർക്കാർ കർഷകർക്ക് നൽകിയത്. ദൗർഭാഗ്യവശാൽ നിങ്ങൾ അത് തള്ളിക്കളഞ്ഞു- കർഷകരുമായുള്ള യോഗത്തിൽ തോമർ പറഞ്ഞു
പതിനൊന്നാംവട്ട ചർച്ച 18 മിനുട്ട് മാത്രമാണ് നീണ്ടുനിന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മന്ത്രി തങ്ങളെ മൂന്നര മണിക്കൂറോളം കാത്തുനിർത്തിച്ചുവെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി പ്രതിനിധി എസ്.എസ്. പാൻധർ പറഞ്ഞു. ഇത് കർഷകരോടുള്ള അപമാനമാണ്. മന്ത്രി വന്നതിനു ശേഷം, സർക്കാരിന്റെ നിർദേശം പരിഗണിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുകയും യോഗ പരിപാടികൾ അവസാനിപ്പിക്കുകയും ചെയ്തു- പാൻധർ കൂട്ടിച്ചേർത്തു. സമരം സമാധാനപരമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

