റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം: ദീപ് സിദ്ദു അറസ്റ്റില്‍

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടയിൽ ചെങ്കോട്ടയിൽ കൊടിയുയർത്താൻ നേതൃത്വം നൽകിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റിൽ. പഞ്ചാബിൽ വെച്ചാണ് ഡൽഹി പോലീസിന്റെ സെപ്ഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്.
കിസാൻ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളിൽ ആരോപണവിധേയനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദീപ് സിദ്ദുവും സംഘവുമാണെന്ന് ആക്രമങ്ങൾക്ക് നേതൃത്വം നൽകിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ചെങ്കോട്ടയിൽ അക്രമം നടത്തിയതും പതാക ഉയർത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങൾക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു.
എന്നാൽ കർഷക നേതാക്കളുടെ ആരോപണത്തെ തള്ളി ദീപ് സിദ്ദു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സിഖ് പതാകയാണ് ഞങ്ങൾ ചെങ്കോട്ടയിലുയർത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞു.
ദീപ് സിദ്ദുവിനെ തള്ളി കർഷകസമരത്തെ പിന്തുണയ്ക്കുന്ന നിരവധി സംഘടനാ നേതാക്കളും രംഗത്തെത്തി. ഗുണ്ടാത്തലവനിൽ നിന്ന് രാഷ്ട്രീയപ്രവർത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവർ തലേദിവസം തന്നെ കർഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടൽ നടത്തിയിരുന്നു. ചെങ്കോട്ടയിൽ മൈക്രോഫോണുമായാണ് ദീപ് സിദ്ദു എത്തിയത്. കർഷക പ്രതിഷേധക്കാരെ ചെങ്കോട്ടയിലേക്ക് വഴിതിരിച്ചത് ദീപ് സിദ്ദുവാണ്. ഇതിൽ അന്വേഷണം നടത്തണണെന്ന് സമൂഹ്യപ്രവർത്തകനായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

