പത്തുമാസത്തിനിടെ ഇതാദ്യം; രാജ്യതലസ്ഥാനത്ത് കോവിഡ് മരണമില്ലാത്ത ദിവസമായി ചൊവ്വാഴ്ച

ന്യൂഡല്‍ഹി: പത്തുമാസത്തിനിടെ ആദ്യമായി രാജ്യതലസ്ഥാനത്ത് കോവിഡ് മരണമില്ലാത്ത ദിവസമായിരുന്നു ചൊവ്വാഴ്ച. 24 മണിക്കൂറിനുള്ളില്‍ ഒറ്റ കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിവസം. ഇന്ന് 100 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 144 പേര്‍ രോഗമുക്തി നേടി.
ഡല്‍ഹിയില്‍ ഇതുവരെ 6,36,260 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,24,326 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 10,882 പേരാണ് തലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ 1,052 പേര്‍ ചികിത്സയിലാണ്. ഇതില്‍ 441 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഡല്‍ഹിയിലെ കോവിഡ് മുക്തി നിരക്ക് 98.12 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
തലസ്ഥാന നഗരിയില്‍ 950 സ്ഥലങ്ങള്‍ നിലവില്‍ കണ്ടൈന്‍മെന്‍റ് സോണുകളാണ്.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,410 കോവിഡ് പരിശോധനകളാണ് നടന്നത്. ഇതില്‍ 31,300 എണ്ണം ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 25,110 എണ്ണം ആന്‍റിജന്‍ പരിശോധനയുമാണ്. ഇതുവരെ ആകെ 1,12,56,961 കോവിഡ് പരിശോധനകളാണ് ഡല്‍ഹിയില്‍ നടന്നത്.

