സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം: 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഒരു വർഷത്തേക്കാണ് ഈ വൈദ്യുതി വാങ്ങുന്നത്. യൂണിറ്റിന് അഞ്ച് രൂപ 96 പൈസ നിരക്കിലാണ് വൈദ്യുതി വാങ്ങാൻ കമ്മിഷൻ അംഗീകാരം നൽകിയിരിക്കുന്നത്.
മൂന്ന് സ്വകാര്യ കമ്പനികളിൽ നിന്നാണ് ഈ അധിക വൈദ്യുതി ലഭ്യമാക്കുക. നിലവിൽ പ്രതിദിനം 500 മെഗാവാട്ടിലധികം വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ 200 മെഗാവാട്ട് കൂടി അധികമായി ലഭിക്കുന്നത് നിലവിലുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് കെഎസ്ഇബി പ്രതീക്ഷിക്കുന്നു.
വൈദ്യുതി താരിഫ് നിശ്ചയിക്കുന്നതിനും പുതിയ കരാറുകളിൽ ഏർപ്പെടുന്നതിനും റെഗുലേറ്ററി കമ്മിഷന്റെ അനുമതി അത്യാവശ്യമായതിനാലാണ് കെഎസ്ഇബി കമ്മിഷനെ സമീപിച്ചത്. യൂണിറ്റിന് 10 രൂപയിലധികം നൽകി വൈദ്യുതി വാങ്ങുന്നതിന് നേരത്തെ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ താരതമ്യേന കുറഞ്ഞ നിരക്കായതിനാലാണ് കമ്മിഷൻ അംഗീകാരം നൽകിയത്.
കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നടപടികളിലേക്ക് ബോർഡ് കടക്കുകയാണെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം ഐഎഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ, സോളാർ എനർജി കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് രണ്ട് രൂപ 95 പൈസ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനും കെഎസ്ഇബി ധാരണയിലെത്തിയിട്ടുണ്ട്.
എന്നാൽ ഈ വൈദ്യുതി ഡിസംബർ മാസത്തോടു കൂടി മാത്രമേ ലഭ്യമാകൂ. ഈ വൈദ്യുതി കൂടി ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ നിയന്ത്രണങ്ങൾക്ക് വലിയ തോതിൽ അയവ് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ 200 മെഗാവാട്ട് വൈദ്യുതി കൂടി ദിവസവും ലഭിക്കുന്നത് പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും.

