KSDLIVENEWS

Real news for everyone

പാലാ നല്‍കില്ലെന്ന് പിണറായി; മുന്നണി മാറ്റ ചര്‍ച്ചകളില്‍ എന്‍സിപി

SHARE THIS ON

കോട്ടയം: പാലാ തർക്കം ക്ലൈമാക്സിലേക്ക്. പാലാ സീറ്റ് നൽകില്ലെന്ന് എൻസിപി നേതൃത്വത്തെ സിപിഎം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപി നേതാവ് പ്രഫുൽ പട്ടേലിനെ ഫോണിൽ വിളിച്ചാണ് സീറ്റ് നൽകാനാവില്ലെന്ന് അറിയിച്ചത്. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എന്ന എൻസിപിയുടെ ആവശ്യവും മുഖ്യമന്ത്രി തള്ളിയതായാണ് റിപ്പോർട്ട്.

പാലായ്ക്ക് പകരം കുട്ടനാട്ടിൽ വേണമെങ്കിൽ മാണി സി കാപ്പന് മത്സരിക്കാമെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. ഇതോടെ എൻസിപിയുടെ സിറ്റിങ് സീറ്റ് കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് നൽകുമെന്ന ഉറപ്പായി. കുട്ടനാട് സീറ്റിലേക്ക് മാറി കാപ്പൻ ഒത്തുതീർപ്പിന് വഴങ്ങുമോ അതോ യുഡിഎഫിൽ ചേക്കേറുമോ എന്നാണ് ഇനി അറിയേണ്ടത്.

പ്രഫുൽ പട്ടേൽ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് നൽകാത്തത്തിൽ എൻസിപി ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. സിപിഎം തീരുമാനം അറിഞ്ഞ പവാർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരനോട് അടിയന്തരമായി മുംബൈയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എൻസിപി യുഡിഎഫിലേക്ക് നീങ്ങുമോ അതോ കാപ്പന്റെ നേതൃത്വത്തിൽ ഒരു വിഭാഗം യുഡിഎഫിലെത്തുകയും മന്ത്രി ശശീന്ദ്രന്റെ നേതൃത്വത്തിലുള്ളവർ എൽഡിഎഫിൽ തുടരുകയും ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഉച്ചയ്ക്ക് ശേഷം കാപ്പനും പീതാംബരനും പവാറിനെ കാണും. ഈ കൂടിക്കാഴ്ച നിർണായകമാകും. മിക്കവാറും ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം എൻസിപിയുടെ മുന്നണി മാറ്റത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. എലത്തൂർ നൽകിയാൽ ശശീന്ദ്രൻ ഇടതുപക്ഷത്ത് തന്നെ തുടരാനാണ് സാധ്യത. അതോടെ എൻസിപി പിളരുമെന്ന് ഉറപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!