KSDLIVENEWS

Real news for everyone

ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റ്, ഉദ്യോഗസ്ഥർക്ക് മിനിമം വിവരം വേണം – മേഴ്സിക്കുട്ടിയമ്മ

SHARE THIS ON

കോഴിക്കോട്: ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട് യു.എസ്. കമ്പനി ഇ.എം.സി.സിയുമായി ധാരണാപത്രം ഉണ്ടാക്കിയ വിഷയത്തിൽ നിലപാട് മാറ്റി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. കോഴിക്കോട് പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തന്നെ മാത്രമാണ് കമ്പനി പ്രതിനിധികൾ കണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതായി ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയേയും കമ്പനി പ്രതിനിധികൾ കണ്ടിരുന്നതായി മേഴ്സിക്കുട്ടിയമ്മ ഇന്ന് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചർച്ച ചെയ്യാതെയാണ് കെ.എസ്.ഐ.എൻ.സി എന്ന പൊതുമേഖലാ സ്ഥാപനം കരാർ ഉണ്ടാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥർ അത്തരം നടപടി സ്വീകരിച്ചതെന്നും കോർപറേഷൻ എംഡി എൻ. പ്രശാന്തിനെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.

ഐ എഎസ്സുകാർക്ക് മിനിമം വിവരം വേണം. ഭൂമിയിലെ എല്ലാ കാര്യവും അറിയാമെന്ന് ആരും ചിന്തിക്കരുത്. 400 ട്രോളറുകൾ നിർമിക്കും എന്നൊക്കെ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. ആരോട് ചോദിച്ചിട്ടാണ് കരാർ ഉണ്ടാക്കിയത്. സർക്കാർ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുമെന്നും ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!