KSDLIVENEWS

Real news for everyone

ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നു

SHARE THIS ON

കോട്ടയം: സംസ്ഥാനത്ത് മാംസവില കൂടുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞതാണ് കാരണം. ഇതുമൂലം വില ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ഒരു കിലോഗ്രാം പോത്തിറിച്ചിക്ക് ഒരുവർഷം മുമ്പ് 380 രൂപയായിരുന്നു. ഇപ്പോൾ 480 മുതൽ 500 രൂപ വരെ നൽകണം. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള വരവ് പകുതിയായി കുറഞ്ഞതും ചരക്കുനീക്കത്തിലെ തടസ്സങ്ങളുമാണ് പോത്തിറച്ചിയുടെ വില കൂട്ടുന്നത്. ആന്ധ്രയും തെലങ്കാനയും മഹാരാഷ്ട്രയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറച്ചി കയറ്റുമതി സ്ഥാപനങ്ങൾ ഉയർന്നവിലയ്ക്ക് പോത്തുകളെ വാങ്ങുന്നു. ഇതും വിലവർധനയ്ക്ക് കാരണമാണ്. ഇതോടെ, കേരളത്തിലേക്ക് കച്ചവടക്കാർ എത്തിക്കുന്ന പോത്തിന്റെ എണ്ണം കുറഞ്ഞു.

ലോകമാർക്കറ്റിൽ ഇന്ത്യയിലെ പോത്തിറച്ചിക്ക് പ്രിയം കൂടുതലാണ്. അതിനാൽ കയറ്റുമതി സ്ഥാപനങ്ങൾ ഗ്രാമീണമേഖലകളിൽവരെ എത്തി പോത്തുകളെ വാങ്ങിക്കൊണ്ടുപോകുന്നു. കേരളത്തിലേക്ക് ഇറച്ചിമൃഗങ്ങളെ കൊണ്ടുവരുമ്പോൾ വാഹനവാടക, ജോലിക്കാരുടെ വേതനം എന്നിവയ്ക്കുള്ള ചെലവിന് പുറമേ സർക്കാർ കൊള്ളയുമുണ്ടെന്ന് മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എ. സലീം പറയുന്നു.

പ്രാദേശിക മാർക്കറ്റുകളിൽനിന്ന് ഉരുക്കളെ വാങ്ങാനും അവിടെത്തന്നെ കശാപ്പിനും സൗകര്യമുള്ളിടത്ത് വിലക്കയറ്റം അത്രയേറെ ബാധിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.

മൂന്ന് ദിവസത്തിനിടയിൽ കോഴിയിറച്ചിവില 135-ൽനിന്ന് 175 രൂപയായി.

ഉയർന്ന ചൂടുകാരണം കോഴിക്കുഞ്ഞുങ്ങൾ വ്യാപകമായി ചത്തു. ഇത് വിലക്കയറ്റത്തിന് കാരണമായെന്ന് കോഴിയിറച്ചി വിൽപ്പനക്കാർ പറഞ്ഞു. പാചകവാതകപ്രതിസന്ധിയും കനത്ത വേനൽച്ചൂടും വന്നതോടെ ഏപ്രിലിൽ കോഴിയിറച്ചിവില കുറഞ്ഞിരുന്നു. ഇതോടെ പുതുതായി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനോ വളർത്താനോ കർഷകർ മടിച്ചു. അതോടെ നിലവിൽ ആവശ്യത്തിന് കോഴികളെ കിട്ടാത്ത അവസ്ഥയുംവന്നു. ഇറച്ചിവില നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല. കൃത്രിമവിലക്കയറ്റമുണ്ടായാൽപ്പോലും സർക്കാർ ഇടപെടലിന് സഹായിക്കുന്ന ചട്ടങ്ങളില്ല.

തദ്ദേശസ്ഥാപനങ്ങൾ സ്വന്തംനിലയിൽ വ്യാപാരികളുമായി ബന്ധപ്പെട്ട് ചില ശ്രമങ്ങൾ നടത്താറുണ്ടെന്നുമാത്രം. ഗ്യാസിന്റെയും ഇറച്ചിയുടെയും വിലവർധനമൂലം വിഭവങ്ങൾക്കും വില കൂട്ടേണ്ട അവസ്ഥയാണെന്ന് ഹോട്ടൽ ഉടമകളും പറയുന്നു. ബീഫ്, ചിക്കൻ എന്നിവയുടെ വില കൂടുമ്പോൾ, ഹോട്ടലുകളിലെ വിഭവങ്ങൾക്കും വില കൂട്ടേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സെക്രട്ടറി എൻ. പ്രതീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!