അടിമാലി പള്ളിവാസലിലെ പതിനേഴുകാരിയുടെ മരണം ; പ്രതിയെന്ന് സംശയിക്കുന്ന ബന്ധു മരിച്ച നിലയിൽ

ഇടുക്കി: അടിമാലി-പള്ളിവാസലിലെ രേഷ്മയുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. രേഷ്മയുടെ പിതൃസഹോദരനായ അനു എന്ന അരുണിനെയാണ് (28) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രേഷ്മയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയ പള്ളിവാസൽ പവർഹൗസിന് സമീപത്താണ് അരുണിന്റെയും മൃതദേഹം കണ്ടത്.
ഇക്കഴിഞ്ഞ ഇരുപതാം തീയതിയാണ് പള്ളിവാസൽ പവർഹൗസിനു സമീപം വണ്ടിപ്പാറയിൽ രാജേഷ്–ജെസി ദമ്പതികളുടെ മകൾ രേഷ്മയെ () കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായ രേഷ്മ ബന്ധുവായ അരുണും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് സംശയം അരുണിലേക്ക് എത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇയാൾ താമസിച്ചിരുന്ന രാജകുമാരിയിലെ വാടകമുറിയിൽ നിന്നാണ് കത്ത് കണ്ടെടുത്ത്. 10 പേജുള്ള ഈ കത്ത് അരുൺ സുഹൃത്തുക്കൾക്ക് എഴുതിയതാണെന്ന് പൊലീസ് പറഞ്ഞിരുന്നു.
വർഷങ്ങളായി താൻ രേഷ്മയുമായി അടുപ്പത്തിലായിരുന്നുവെന്നും രേഷ്മയ്ക്ക് മറ്റൊരു പ്രണയം തുടങ്ങിയപ്പോൾ തന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും കത്തിലുണ്ട്. രേഷ്മയെ ഇല്ലായ്മ ചെയ്യുമെന്നും അതിനു ശേഷം തന്നെ ആരും കാണില്ലെന്നും കത്തിൽ പറയുന്നു. ഇതോടെ അരുണ്‍ ആത്മഹത്യ ചെയ്തേക്കാമെന്ന സംശയവും ബലപ്പെട്ടിരുന്നു.

