KSDLIVENEWS

Real news for everyone

ശബരിമല, പൗരത്വനിയമ കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭ യോഗത്തിൽ സുപ്രധാന തീരുമാനം

SHARE THIS ON

തിരുവനന്തപുരം: ശബരിമല, പൗരത്വനിയമ കേസുകൾ പിൻവലിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ സുപ്രധാന തീരുമാനം. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ എടുത്ത കേസുകളും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം സംബന്ധിച്ച കേസുകളുമാണ് പിൻവലിക്കുക. ഗുരുതര ക്രിമിനൽ സ്വഭാവം ഇല്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം.

ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ് അടക്കമുള്ള സംഘടനകളും കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ തീരുമാനം.

സർക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തിൽവന്നാൽ ശബരിമല പ്രക്ഷോഭ കേസുൾ പിൻവലിക്കുമെന്ന് നേരത്തെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു.

ശബരിമല കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വഗതാർഹമാണെന്ന് ബിജെപി പ്രതികരിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം വെച്ചുകൊണ്ടാണ് കേസുകൾ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കൾക്ക് ജോലിസാധ്യതകൾ ഇല്ലാതായിരുന്നെന്നും ബിജെപി പറഞ്ഞു.

നിരപരാധികളായ ആളുകൾക്കെതിരായി എടുത്തിരുന്ന കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് സ്വാഗതാർഹമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഇപ്പോഴെങ്കിലും സർക്കാർ ഔചിത്യപൂർവം പെരുമാറി എന്നാണ് കരുതുന്നത്. ഇതുകൊണ്ട് ശബരിമല വിഷയം തീരുമെന്ന് കരുതേണ്ടതില്ല. ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്റെ നിലപാടിൽ മാറ്റമെന്തെങ്കിലും ഉണ്ടായി എന്ന് ഇതുകൊണ്ട് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!