KSDLIVENEWS

Real news for everyone

22 ലക്ഷം വിദ്യാർഥികളുടെ കണ്ണീർ; കേരളത്തിലെ MBBS വിദ്യാർഥിക്കും പങ്ക്; ചോദ്യപേപ്പറിന് വില 28 ലക്ഷംരൂപ

SHARE THIS ON

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വമ്പൻ ശൃംഖലയെന്ന് സൂചന. വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ശൃംഖലയിലൂടെയാണ് നീറ്റ് ചോദ്യപേപ്പർ ചോർന്നതെന്നാണ് കണ്ടെത്തൽ. ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിന് പിന്നാലെ മേയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻടിഎ) റദ്ദാക്കിയിരുന്നു. ഇതോടെ 22 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടിവരും. പുതിയ തീയതി എൻടിഎ ഉടൻ പ്രഖ്യാപിക്കും.

രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്(എസ്ഒജി) നടത്തിയ അന്വേഷണത്തിലാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ ചുരുളഴിയുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് നേരത്തേ പ്രചരിച്ച ചോദ്യപേപ്പർ പ്രിന്റ് ചെയ്തതെന്നാണ് രാജസ്ഥാൻ പോലീസിന്റെ കണ്ടെത്തൽ. പിന്നീട് നാസിക്കിൽനിന്ന് രാജസ്ഥാനിലെ സിക്കാറിലേക്കും രാജ്യത്തെ മറ്റിടങ്ങളിലേക്കും ഇതേ ചോദ്യപേപ്പർ എത്തി.

നീറ്റ് പരീക്ഷയ്ക്കുള്ള ‘മാതൃകാ ചോദ്യപേപ്പർ’ എന്ന പേരിലാണ് ഈ ചോദ്യപേപ്പർ പ്രചരിച്ചിരുന്നത്. നീറ്റ് പരീക്ഷയ്ക്ക് 15 ദിവസം മുൻപേതന്നെ ഇത് പലരുടെയും കൈകളിലെത്തിയിരുന്നു. നാസിക്കിലെ പ്രിന്റിങ് പ്രസ്സിൽനിന്നാണ് ചോദ്യപേപ്പർ ആദ്യം ചോർന്നതെന്നാണ് റിപ്പോർട്ട്. ഇവിടെനിന്ന് ഹരിയാണയിലെ ഗുരുഗ്രാമിലുള്ള ഒരു ഡോക്ടർക്ക് ഈ ചോദ്യപേപ്പർ ലഭിച്ചു. രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ ഖാതിഖ് എന്നയാൾ ഡോക്ടറിൽനിന്ന് ഈ ചോദ്യപേപ്പർ വാങ്ങി. ഇയാളിൽനിന്ന് സിക്കാറിലെ രാകേഷ് കുമാർ എന്നയാളിലേക്കും എത്തി. സിക്കാറിൽ എംബിബിഎസ് അഡ്മിഷൻ കൗൺസിലിങ് ഏജൻസി നടത്തുന്നയാളാണ് രാകേഷ്‌കുമാർ. ഇവിടെനിന്നാണ് ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിയതെന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്യുന്നു.

മെഡിക്കൽ അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കിടയിൽ ഉയർന്ന തുകയ്ക്കാണ് പ്രസ്തുത ചോദ്യപേപ്പർ വിറ്റുപോയതെന്നാണ് വിവരം. 30,000 രൂപ മുതൽ 28 ലക്ഷം രൂപ വരെ പലരും ഇതിനായി ഈടാക്കിയിരുന്നു. നീറ്റ് പരീക്ഷയ്ക്ക് നാലുദിവസം മുൻപ് സിക്കാറിലെ ഒരു പരിശീലനകേന്ദ്രത്തിലെത്തിയ ഒരുവിദ്യാർഥി 28 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയത്. ‘പേപ്പർ എത്തി’ എന്ന് ഡൽഹിയിൽനിന്ന് ഒരു ഫോൺകോൾ വന്നെന്നും ഇതിനുശേഷമാണ് സിക്കാറിലെത്തിയതെന്നുമാണ് ഈ വിദ്യാർഥി പോലീസിന് നൽകിയ മൊഴി.

കേരളത്തിലും ബന്ധം; പോലീസിനെ വിവരമറിയിച്ചത് MBBS വിദ്യാർഥിയുടെ പിതാവ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസ് കേരളത്തിലും അന്വേഷണം നടത്തിയിരുന്നു. രാജസ്ഥാനിലെ സിക്കാറിൽനിന്നുള്ള ഒരു വിദ്യാർഥിയെ തേടിയാണ് പോലീസ് കേരളത്തിലെത്തിയത്. കേരളത്തിൽ എംബിബിഎസിന് പഠിക്കുന്ന ഈ വിദ്യാർഥിയ്ക്കും രാകേഷ് കുമാർ ചോദ്യപേപ്പർ വിറ്റിരുന്നതായാണ് കണ്ടെത്തൽ. 30,000 രൂപയ്ക്കാണ് രാകേഷ് കുമാർ എംബിബിഎസ് വിദ്യാർഥിക്ക് ചോദ്യപേപ്പർ കൈമാറിയത്. പേപ്പർ കിട്ടിയ ഉടൻ വിദ്യാർഥി തന്റെ പിതാവിന് ഇത് അയച്ചുനൽകി. സിക്കാറിൽ പി.ജി. ഹോസ്റ്റൽ നടത്തുന്ന പിതാവിനോട് ഈ ചോദ്യപേപ്പർ ഹോസ്റ്റലിലുള്ള വിദ്യാർഥിനികൾക്ക് നൽകാനായിരുന്നു വിദ്യാർഥി ആവശ്യപ്പെട്ടത്. ”പപ്പ സിക്കാറിലുള്ള ഒരു സുഹൃത്താണ് എനിക്ക് ഇത് അയച്ചുതന്നത്. ഇത് നിങ്ങളുടെ ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് നൽകൂ. നാളെത്തെ പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളാണിത്” എന്നായിരുന്നു വിദ്യാർഥിയുടെ സന്ദേശം. ഇതോടെ പി.ജി. ഹോസ്റ്റൽ നടത്തുന്ന പിതാവ് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്കെല്ലാം ചോദ്യപേപ്പർ കൈമാറി. തുടർന്ന് മേയ് മൂന്നിന് പരീക്ഷ കഴിഞ്ഞശേഷം ഒരു കോച്ചിങ് സെന്ററിലെ അധ്യാപകനുമായി ഇയാൾ ചോദ്യപേപ്പറിനെക്കുറിച്ച് ചർച്ചചെയ്തു. പ്രചരിച്ച ചോദ്യപേപ്പറിലെ ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45 ചോദ്യങ്ങളും നീറ്റ് പരീക്ഷയിൽ അതേപടി ആവർത്തിച്ചതായി കണ്ടെത്തി. കുത്തും കോമയും ഉൾപ്പെടെ ചോദ്യങ്ങളുടെ ഘടനയെല്ലാം ‘മാതൃകാ ചോദ്യപേപ്പറിന്’ സമാനമായിരുന്നു. ഇതോടെ ഹോസ്റ്റലുടമ രാജസ്ഥാനിലെ ഉദ്യോഗ് നഗർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ, ആദ്യഘട്ടത്തിൽ പോലീസ് പരാതി ഗൗരവത്തിലെടുക്കാൻ തയ്യാറായില്ല. തുടർന്ന് ഇദ്ദേഹം എൻടിഎയെ വിവരമറിയിച്ചു. എൻടിഎ ഇന്റലിജൻസ് ബ്യൂറോയ്ക്ക് ഇതേ വിവരങ്ങൾ കൈമാറി. തുടർന്ന് ഇന്റലിജൻസ് ബ്യൂറോയുടെ നിർദേശപ്രകാരമാണ് രാജസ്ഥാൻ പോലീസിന്റെ എസ്ഒജി വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ രാജ്യത്തെ വിവിധയിടങ്ങളിൽ രാജസ്ഥാൻ പോലീസ് റെയ്ഡ് നടത്തിയിരുന്നു. രാകേഷ് കുമാറും കേരളത്തിലെ എംബിബിഎസ് വിദ്യാർഥിയും അടക്കം 15 പേരെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. കേസ് സിബിഐ ഏറ്റെടുത്തതോടെ ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരനും അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ട്. നാസിക്കിലെ പ്രിന്റിങ് പ്രസ്സുമായി ബന്ധപ്പെട്ടയാളെയാണ് സിബിഐ പിടികൂടിയിട്ടുള്ളതെന്നാണ് വിവരം.

രാജസ്ഥാനിലെ കോട്ടയ്ക്ക് സമാനമായുള്ള ‘കോച്ചിങ് ഹബ്ബ്’ ആണ് സിക്കാറും. നീറ്റ് പരീക്ഷാ പരിശീലനത്തിന് ഉൾപ്പെടെ നിരവധി വിദ്യാർഥികളാണ് സിക്കാറിലെത്താറുള്ളത്. നിരവധി പരിശീലന സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ സിക്കാർ കേന്ദ്രീകരിച്ചാണ് ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!