ആറുപേർ നിലത്ത് കിടക്കുന്നനിലയിൽ, ഒരാൾ തെറിച്ചുവീണു; ഇടിമിന്നലേറ്റ് മരിച്ചത് സുഹൃത്തുക്കളായ നാലുപേർ

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേർ. മങ്കട വെള്ളില സ്വദേശികളായ റഹീസ്(20), ബഹാസ്(18), സിയാദ്(18), ഫഹദ്(22) എന്നിവരാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളില സ്വദേശികളായ റോഷൻ(20), ഇഷ്ഹാത്(19), സൽമാനുൽ ഫാരിസ്(21) എന്നിവരാണ് പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർ അപകടനില തരണംചെയ്തതായാണ് വിവരം.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശക്തമായ ഇടിമിന്നലിൽ നാലുപേർക്ക് ജീവൻ നഷ്ടമായത്. മങ്കട പന്തല്ലൂർ മലയിലെ വ്യൂപോയിന്റിലായിരുന്നു സംഭവം. സുഹൃത്തുക്കളായ ഏഴ് വിദ്യാർഥികളാണ് സായാഹ്നം ചിലവഴിക്കാനായി വ്യൂപോയിന്റിൽ എത്തിയിരുന്നത്. വൈകിട്ട് അഞ്ചരയോടെ പ്രദേശത്ത് ശക്തമായ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായിരുന്നു. ഇതിനിടെയാണ് ഏഴുപേർക്കും ഇടിമിന്നലേറ്റത്.
ഇതുവഴിയെത്തിയ നാട്ടുകാരും യാത്രക്കാരുമാണ് കുട്ടികൾ നിലത്തുവീണ് കിടക്കുന്ന നിലയിൽ കണ്ടത്. ആറുകുട്ടികളാണ് വീണുകിടന്നിരുന്നതെന്നാണ് സ്ഥലത്തെത്തിയവർ മാധ്യമങ്ങളോട് പറഞ്ഞത്. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന പ്രദേശമല്ലാത്തതിനാൽ അപകടവിവരം പുറത്തറിയാനും വൈകിയിരുന്നു. വഴിയാത്രക്കാർ കുട്ടികളെ കണ്ടതോടെ ഒരു ആംബുലൻസിലും രണ്ട് ജീപ്പുകളിലുമായി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇടിമിന്നലേറ്റ് ഒരു വിദ്യാർഥി പാറയുടെ മുകളിൽനിന്ന് തെറിച്ചുവീണിരുന്നു. ആദ്യഘട്ടത്തിൽ ഈ വിദ്യാർഥി ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വിദ്യാർഥികളിലൊരാളാണ് തങ്ങൾ ഏഴുപേരുണ്ടായിരുന്നതായി നാട്ടുകാരോട് പറഞ്ഞത്. ഇതോടെ പ്രദേശത്ത് വീണ്ടും തിരച്ചിൽ നടത്തിയപ്പോളാണ് ഏഴാമത്തെയാളെയും കണ്ടെത്തിയത്.
വിനോദസഞ്ചാരികളും നാട്ടുകാരുമെല്ലാം വരുന്ന വ്യൂപോയിന്റിലാണ് അപകടമുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റായ അഷ്‌കറലി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏഴുകുട്ടികളും വ്യൂപോയിന്റിന്റെ തൊട്ടടുത്ത പ്രദേശത്തുള്ളവരും അടുത്തടുത്ത് താമസിക്കുന്നവരുമാണ്. ഇവിടെ മുൻപൊന്നും ഇത്തരം അപകടങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് കാറ്റുകൊള്ളാനായി പോയവരാണ് അപകടത്തിൽപ്പെട്ടതെന്ന് മഞ്ഞളാംകുഴി അലി എംഎൽഎയും പ്രതികരിച്ചു. എല്ലാവരും വിദ്യാർഥികളാണ്. അപകടമുണ്ടായ സ്ഥലം ഉയർന്നപ്രദേശമാണ്. ഒരു മലമുകളിലാണ് സംഭവമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ ഇടിമിന്നലും കാറ്റും മഴയും ഉണ്ടായിരുന്നതായാണ് സമീപവാസികൾ പറയുന്നത്. ആദ്യമുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. ചെറിയരീതിയിൽ വിനോദസഞ്ചാരികളും മറ്റും വരാറുള്ള സ്ഥലമാണിതെന്നും കുട്ടികളെയെല്ലാം നിലത്തുവീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും സമീപവാസികൾ പറഞ്ഞു.

