ടി.വി ലൈവ് ചർച്ചക്കിടെ ബി.ജെ.പി നേതാവിനുനേരെ ചെരിപ്പേറ്

ഹൈദരാബാദ്: തെലുഗു വാര്‍ത്താ ചാനലായ എ.ബി.എന്‍ ആന്ധ്രാജ്യോതിയിലെ ലൈവ് ചര്‍ച്ചക്കിടെ ബി.ജെ.പി നേതാവിന് നേരെ ചെരിപ്പേറ്. ബി.ജെ.പി ആന്ധ്രാപ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിഷ്ണുവര്‍ധനു നേരെയാണ് അമരാവതി പരിരക്ഷണ സമിതി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി പ്രതിനിധി കോലിക്കാപുടി ശ്രീനിവാസ റാവു ചെരിപ്പൂരി എറിഞ്ഞത്. സംഘര്ഭരിതമായതോടെ ചര്‍ച്ച നിര്‍ത്തിവെച്ചു.
അമരാവതി പ്രൊജക്ടുകള്‍ക്കായി 3000 കോടി സംഭരിക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മുന്‍ മുഖ്യമന്ത്രിമാര്‍ ലോണെടുക്കാന്‍ വേണ്ടി വിമാനയാത്ര നടത്തുകയും അത് പരസ്യം ചെയ്യുകയുമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് പറഞ്ഞതാണ് ശ്രീനിവാസ റാവുവിനെ പ്രകോപിപ്പിച്ചത്. ശ്രീനിവാസ റാവു തെലുഗുദേശം പാര്‍ട്ടിയുടെ വക്താവാണെന്ന് കൂടി പറഞ്ഞതോടെ ശ്രീനിവാസ റാവും കാലിലെ ചെരിപ്പ് അഴിച്ചെടുത്ത് അടുത്തിരിക്കുകയായിരുന്നു വിഷ്ണുവര്ധനന് നേരെ എറിഞ്ഞു. ഇതോടെ വിഷ്ണുവര്ധന് സീറ്റില്‍ നിന്നെഴുന്നേറ്റ് റാവുവിനു നേരെ ചെന്നു. സംഭവം കൈവിട്ടു പോവുകയായാണെന്ന് മനസ്സിലാക്കിയതോടെ ആങ്കര്‍ ഇടവേള എടുക്കുകയായിരുന്നു.
സ്റ്റുഡിയോയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ എ.ബി.എന്‍ ആങ്കര്‍ പ്രേക്ഷകരോട് മാപ്പുപറഞ്ഞു. ബി.ജെ.പി നേതാവ് നിയമനടപടിയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ സഹകരിക്കുമെന്നും ചാനല്‍ വ്യക്തമാക്കി. ചാനല്‍ അധികൃതര്‍ പൊലീസില്‍ പരാതിപ്പെടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. എന്നാല്‍ ഇനിമുതല്‍ ശ്രീനിവാസ റാവുവിനെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കില്ലെന്ന് ചാനല്‍ വ്യക്തമാക്കി.

