KSDLIVENEWS

Real news for everyone

ഇ.എം.സി.സി കാണിച്ചത് ഫ്രോഡ് പണി; ധാരണാപത്രം ആസൂത്രിതം – മേഴ്‌സിക്കുട്ടിയമ്മ

SHARE THIS ON

തിരുവനന്തപുരം: അധികാരമില്ലാത്തയാൾ അധികാര ദുർവിനിയോഗം നടത്തിയതിനാലാണ് ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ധാരണാപത്രം റദ്ദാക്കിയതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഒരു ഉദ്യോഗസ്ഥന്റെ അറിവില്ലായ്മയല്ല ഇവിടെ സംഭവിച്ചത്. ഇതെല്ലാം ആസൂത്രിതമാണെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമി ന്യൂസ് ‘ചോദ്യം ഉത്തരം’ പരിപാടിയിൽസംസാരിക്കുകയായിരുന്നു മന്ത്രി.

ധാരണാപത്രം എങ്ങനെയുണ്ടായി എന്നത് അത്ഭുതകരമാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ധാരണാപത്രം. ഇതിൽ പല സംശയങ്ങളുമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെഎസ്ഐഎൻസി എംഡി എൻ. പ്രശാന്തും തമ്മിൽ ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം ഉണ്ടായേക്കാമെന്നും മന്ത്രി ആരോപിച്ചു.

ബന്ധപ്പെട്ട സെക്രട്ടറിയുടെ അനുമതി വാങ്ങാതെ മന്ത്രി അറിയാതെ ഇത്തരമൊരു കരാരിന് പ്രശാന്തിന് എന്തിനാണ് താത്പര്യമെന്നും മന്ത്രി ചോദിച്ചു. കപ്പൽ നിർമാണം പ്രശാന്തിന്റെ ജോലിയല്ല. പ്രശാന്ത് വഴിവിട്ട തലത്തിലേക്ക് പോയി. ഇഎംസിസി കാണിച്ചത് ഫ്രോഡ് പണിയാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ നയത്തിന് വിരുദ്ധമായതൊന്നും കെഎസ്ഐഡിസി എംഡി രാജമാണിക്യം ചെയ്തിട്ടില്ല. എന്നാൽ പ്രശാന്ത് ചെയ്തത് അങ്ങനെയല്ല. കമ്പനികൾ വിചാരിച്ചാൽ സ്വാധീനിക്കപ്പെടില്ല. ഈ സർക്കാർ ഇതിനൊന്നും വഴങ്ങുന്നവരല്ല. ഇഎംസിസി കരാർ നേട്ടമായി ചിത്രീകരിച്ച പിആർഡി പരസ്യം ശ്രദ്ധയിൽപ്പെട്ടില്ല എന്നത് സർക്കാരിന്റെ വീഴ്ചയാണ്. ഈ സംഭവത്തിൽ സർക്കാരിനുണ്ടായ ഏക വീഴ്ച ഇതുമാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

ഇഎംസിസി പ്രതിനിധികളുമായി അമേരിക്കയിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കേരളത്തിലാണ് കൂടിക്കാഴ്ച ഉണ്ടായത്. സർക്കാർ നയത്തിന് വിരുദ്ധമാണ് ആഴക്കടൽ മത്സ്യബന്ധനം. നയത്തിന് വിരുദ്ധമായ വിഷയത്തിലാണെങ്കിലും നിവേദനം കിട്ടിയാൽ കമ്പനിയുടെ വിശ്വാസ്യത അന്വേഷിക്കുന്നതാണ് നടപടി ക്രമം. ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ടാകാം. ഫയൽ ക്ലോസ് ചെയ്യുന്നതിലെ സ്വാഭാവിക നടപടിയാണ് ഉണ്ടായത്. ഇഎംസിസി കരാറുണ്ടാക്കിയതിൽ സർക്കാരിന് എന്താണ് ഉത്തരവാദിത്തമെന്നും മന്ത്രി ചോദിച്ചു.

സർക്കാർ ഒരു വിവാദച്ചുഴിയിലുമല്ല. യാതൊരു പ്രതിസന്ധിയും സർക്കാർ നേരിടുന്നില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയതിന്റെ അഭിമാനത്തോടെയാണ് ഈ ഗവൺമെന്റ് അഞ്ച് വർഷം പൂർത്തീകരിക്കുന്നത്. ഇതുസംബന്ധിച്ച വിവാദങ്ങൾ മാധ്യമ-പ്രതിപക്ഷ സൃഷ്ടിയാണ്. ഒന്നും പറയാനില്ലാത്ത പ്രതിപക്ഷ നേതാവ് അസംബന്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. മനോനില തെറ്റുന്ന ആൾക്ക് മാത്രമേ ഇങ്ങനെ പറയാൻ സാധിക്കുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!