KSDLIVENEWS

Real news for everyone

പി.സി. ജോര്‍ജ് വീണ്ടും എന്‍ഡിഎയിലേക്ക്; രണ്ടു സീറ്റ് നല്‍കാന്‍ ബിജെപി

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പി.സി. ജോർജിന്റെ ജനപക്ഷം പാർട്ടി എൻഡിഎ ഘടക കക്ഷിയായേക്കും. യുഡിഎഫിൽ ഘടക കക്ഷിയാക്കുന്നതിനോട് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.

പി.സി. ജോർജിനെ മുന്നണിയിലെടുത്താൽ സമാന്തര സ്ഥാനാർഥിയെ നിർത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതോടെ പൊതു സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ് ഒടുക്കം യുഡിഎഫ് നിലപാടെടുത്ത്. എന്നാൽ ഇതിനോട് പി.സി ജോർജിന് താതപര്യമില്ല. ഇതേതുടർന്നാണ് മറ്റ് മാർഗങ്ങൾ നോക്കാൻ പി.സി. ജോർജ് നിർബന്ധിതമായത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിച്ചില്ല. തൊട്ടുപിന്നാലെ എൻഡിഎ എന്നത് കേരളത്തിൽ തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയും ചെയ്തു.

ഇതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ യുഡിഎഫിന്റെ ഭാഗമാകാൻ ജോർജ് താത്പര്യം പ്രകടിപ്പിച്ചു. പാർട്ടിയിൽ ഒരുവിഭാഗം അങ്ങനെ ആവശ്യപ്പെടുന്നുവെന്നാണ് ഇതിന് പി.സി. ജോർജ് നൽകിയ മറുപടി. ആദ്യഘട്ടത്തിൽ ചർച്ചകൾ അനുകൂലമായി മുന്നോട്ടുപോയെങ്കിലും പെട്ടെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുമായി വന്നത്.

പി.സി ജോർജിന്റെ ബിജെപി ബാന്ധവവും സമീപകാലത്ത് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശവും മറ്റും തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വം എതിർപ്പ് ഉയർത്തിയത്. എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്നാണ് പി.സി. ജോർജ് പറയുന്നത്. ഇക്കാര്യം മുമ്പ് മാതൃഭൂമി ഡോട്ട് കോമിനോട് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

നിലവിൽ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോർജിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുണ്ട്. പൂഞ്ഞാർ മണ്ഡലത്തിൽ പി.സി ജോർജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബിജെപി സംവിധാനവും ചേരുമ്പോൾ വിജയം ഉറപ്പാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.

മുന്നണിയിലേക്കെത്തിയാൽ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും. കാഞ്ഞിരപ്പള്ളിയിൽ ബിജെപിക്ക് കാര്യമായ സംഘടനാ സംവിധാനമുണ്ട്. പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിനെ മത്സരിപ്പിക്കാൻ തയ്യാറായാൽ കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ ബിജെപി തയ്യാറായേക്കും.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രാമക്ഷേത്ര നിർമാണ ഫണ്ടിലേക്ക് പി.സി ജോർജ് സംഭാവന നൽകിയിരുന്നു. ഇതോടെയാണ് എൻഡിഎ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നത്.

നിയമസഭയിൽ പരമാവധി സീറ്റുകൾ നേടിയെടുക്കുക എന്നതാണ് ബിജെപി ശ്രമിക്കുന്നത്. കേരളാ കോൺഗ്രസ് നേതാവ് പി.സി തോമസാണ് ഇതിനായി ശ്രമം തുടങ്ങിയത്. കുറെനാളായി മുന്നണിയിൽ നിന്ന് അകലം പാലിച്ച പി.സി തോമസ് തിരികെ സജീവമായിട്ടുമുണ്ട്. പാലാ സീറ്റ് ഇത്തവണ എൻഡിഎ പി.സി തോമസിന് നൽകിയേക്കും. പി.സി. ജോർജ് മുന്നണിയിലേക്ക് വന്നാൽ പാലായിൽ വിജയ സാധ്യതയുണ്ടെന്നാണ് പി.സി തോമസിന്റെ വിലയിരുത്തൽ. അതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!