രാഹുലിന് ബിജെപിയെ നേരിടാന്‍ മടി; അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പദവിക്ക് ചേര്‍ന്നതല്ല – മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവായ രാഹുൽ ഗാന്ധി കേരളത്തിലെത്തി സർക്കാരിനെതിരേ നടത്തിയ പരാമർശങ്ങൾ അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുലിന്റെ ശ്രമം. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിനെ പോലൊരു പാർട്ടിയുടെ അഖിലേന്ത്യാ നേതാവ് സ്വീകരിക്കേണ്ട നിലയല്ല ഇതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
രാജ്യത്ത് കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ചില സ്ഥലങ്ങളിലേക്ക് പോകാൻ രാഹുൽ മടി കാണിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് എൽഡിഎഫിന്റെ തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ നേരിടാൻ മടി കാണിക്കുന്ന രാഹുലിന് എൽഡിഎഫിനെ നേരിടാനും അക്രമിക്കാനും വലിയ താത്പര്യമാണ്. ആരെ സഹായിക്കാനാണ് ഈ സമീപനം. കോൺഗ്രസ് അതുകൊണ്ട് രക്ഷപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു. യഥാർഥത്തിൽ കോൺഗ്രസ് പാർട്ടി കേരളത്തിൽ രക്ഷപ്പെടുന്നത് ഇവിടെയുള്ള എൽഡിഎഫിന്റെ ശക്തികൊണ്ടാണ്. ബിജെപിക്ക് പ്രതിരോധം തീർക്കാൻ കേരളത്തിൽ എൽഡിഎഫുണ്ട്. നാടിനും ജനങ്ങൾക്കും അതറിയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

