കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഫലം പുറത്ത് 81 ശതമാനം ഫലപ്രാപ്തി , വാക്സിനേഷന്റെ വേഗത കൂട്ടാൻ തീരുമാനം

ദില്ലി: ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സീന്‍റെ മൂന്നാം ഘട്ട പരീക്ഷണ ഫലം പുറത്തുവന്നു. വാക്സീന് 81 ശതമാനം ഫലപ്രാപ്തിയെന്നാണ് ഫലം വ്യക്തമാക്കുന്നത്. മൂന്നാംഘട്ട സുരക്ഷാ പരീക്ഷണം പൂര്‍ത്തിയാക്കാതെ കൊവാക്സീന് അടിയന്തര അനുമതി നല്‍കിയതില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 25800 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സീന്‍ 81 ശതമാനം പേരിലും രോഗ പ്രതിരോധശേഷിക്ക് സഹായിക്കുന്നു എന്ന് കണ്ടെത്തി. സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീല്‍ഡിനും കൊവാക്സീനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. കൊവിഷീല്‍ഡിന് 71 ശതമാനമാണ് ഫലപ്രാപ്തി.
ഇതിനിടെ വാക്സിനേഷന്‍റെ വേഗത കൂട്ടാന്‍ സമയക്രമത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.ഇനി മുതല്‍ ആഴ്ച്ചയിലെ ഏഴു ദിവസവും 24 മണിക്കൂറും വാക്സീന്‍ സ്വീകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഘട്ട വാക്സിനേഷന്‍റെ രണ്ടാം ദിവസം 70 ശതമാനത്തിലേറെ പേര്‍ വാക്സീന്‍ സ്വീകരിച്ചത് സ്വകാര്യ ആശുപത്രികളില്‍ നിന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്സീന്‍ വിതരണം തുടങ്ങാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചു.
Post your Comment

