സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേമാതരം ആലപിക്കാന്‍ നിര്‍ദേശമില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ ദേശീയഗാനം മാത്രം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വന്ദേമാതരം പരാമര്‍ശിക്കാത്തത്. സര്‍ക്കുലറില്‍ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം. പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്. ദേശീയപതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്.
നേരത്തെ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിന് അത്തരം നിലപാടുകളിലെന്നും മുഖ്യമന്ത്രി വി ഡി സതീശന് വ്യക്തമാക്കിയിരുന്നു. വന്ദേമാതരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വാതന്ത്ര്യദിനത്തില്‍ അറിയാമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

