KSDLIVENEWS

Real news for everyone

നാടിനെ ബിജെപിക്ക് അടിയറ വെക്കാൻ നീക്കം; പത്രിക തള്ളിയതിന് പിന്നിൽ കോൺഗ്രസ് – ബിജെപി ഡീൽ – മുഖ്യമന്ത്രി

SHARE THIS ON

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്- ബിജെപി സഖ്യമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നുമണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തളളിയതിന് പിറകിലുളള രഹസ്യം ഈ ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു.

‘ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചത് ബിജെപിയുമായുളള ഡീൽ ഉറപ്പിച്ചുവെന്നുളളതിന്റെ സ്ഥിരീകരണമാണ്. എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളായ മൂന്നുസീറ്റുകളിലെ ബിജെപി സ്ഥാനാർഥികളിടെ പത്രിക തളളിയതിന് പിന്നിലുളള രഹസ്യവും ഈ ഒത്തുകളിയാണ്. ഞങ്ങൾ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് മറയില്ലാതെയാണ്. ഞങ്ങൾക്ക് ഒരു വർഗീയ ശക്തിയുടെയും സഹായം വേണ്ട തിരഞ്ഞെടുപ്പിൽ ജയിക്കാൻ. വർഗീയതയോട് ഇടതുപക്ഷത്തിനും എൽഡിഎഫിനും ഒരു സന്ധിയുമില്ല. നാല് വോട്ടിന് വേണ്ടി അത്തരം നിലപാട് എടുക്കാൻ കഴിയില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

നാടിനെ ബിജെപിക്ക് അടിയറ വെക്കാനുളള നീക്കങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ബിജെപി പൗരത്വനിയമമുൾപ്പടെയുളള കാര്യങ്ങളുമായാണ് ഇറങ്ങിത്തിരിക്കുന്നത്. അസം തിരഞ്ഞെുപ്പിന്റെ ഭാഗമായി പ്രകടനപത്രിക പുറത്തിറക്കിയ ബി.ജെ.പി. ദേശീയ അധ്യക്ഷൻ സൂചിപ്പിച്ചത് പൗരത്വനിയമം നടപ്പാക്കും എന്നാണ് പൗരത്വ രജിസ്റ്റർ പുതുക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. ബംഗാളിൽ ബിജെപി പറയുന്നത് ആദ്യനിയമസഭാ യോഗത്തിൽ തന്നെ സിഎഎ നടപ്പാക്കാൻ തീരുമാനമെടുക്കുമെന്നാണ്. പൗരത്വ നിയമഭേദഗതിയുമായി അതിന്റെ ഭാഗമായ പൗരത്വ രജിസറ്ററുമായി മുന്നോട്ടുപോകുന്നമെന്നാണ് സംഘപരിവാർ പ്രഖ്യാപിക്കുന്നത്.’കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് എൽഡിഎഫ് സർക്കാർ വളരെ നേരത്തേ പ്രഖ്യാപിച്ചിട്ടുളളതാണെന്നും കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും എന്താണ് അത്തരമൊരു ഉറച്ച നിലപാട് എടുക്കാൻ സാധിക്കാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘എല്ലാ പൗരന്മാരും സമന്മാരാണ്. പൗരന്മാരെ തരംതിരിക്കാനാണ് ആർഎസ് എസിന്റെ നീക്കം കേരളത്തിൽ ചെലവാകില്ല. സിഎഎ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മേൽ കേന്ദ്രസർക്കാർ ഏൽപ്പിച്ച കനത്ത ആഘാതമാണ്.മതം പൗരത്വത്തിന്റെ അടിസ്ഥാനമാകരുത്. അതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. അതിന് ഇളക്കം തട്ടിയാൽ മതനിരപേക്ഷതയും ജനാധിപത്യവും തകരും.’ മുഖ്യമന്ത്രി പറഞ്ഞു.

ഏപ്രിൽ മാസം കിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളേയും മുഖ്യമന്ത്രി വിമർശിച്ചു. ജനങ്ങൾ നശിച്ചാലും വേണ്ടില്ല ഇടതുപക്ഷം വിഷമിച്ചാൽ മതിയെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് അദ്ദേഹം ആരോപിച്ചു.ഏപ്രിലിൽ വിഷു മാത്രമല്ല, ഈസ്റ്റർ കൂടിയുണ്ട് അതുകൂടെ കണക്കാക്കിയാണ് കിറ്റ് നൽകുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!