ആഴക്കടല് മത്സ്യബന്ധനം:മുഖ്യമന്ത്രിയുടെ നുണപൊളിഞ്ഞെന്ന് ചെന്നിത്തല, ഭയങ്കരം തന്നെയെന്ന് മുഖ്യമന്ത്രി

മലപ്പുറം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നുണ പൊളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അമേരിക്കൻ കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവും അദ്ദേഹത്തിന്റെ നേതൃത്വവും ഉണ്ടായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ വകുപ്പാണ് ഈ കരാറുകളെല്ലാം ഒപ്പിട്ടത്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കടൽ വിൽക്കാൻ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന പദ്ധതിക്ക് നേതൃത്വം കൊടുത്തതും അദ്ദേഹം തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായി നടത്തിയ ചർച്ച മുതൽ ധാരാണപത്രം ഒപ്പിട്ടത് വരെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവെന്ന രേഖകൾ പുറത്തുവന്നതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.null
പുറത്തുവന്നത് ഭയങ്കര കാര്യമല്ലേയെന്ന് പരിഹസിച്ച മുഖ്യമന്ത്രി എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുകയാണെന്നും ഇന്ന് വാർത്താസമ്മേളനത്തിൽ ഇതിനോട് പ്രതികരിച്ചു.
‘ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു ഗൂഢാലോചന അരങ്ങേറിയിട്ടുണ്ട്. അന്വേഷണത്തെ ബാധിക്കുന്നത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല. ഇന്നത്തെ കാലത്ത് ഒന്നും രഹസ്യമല്ല. ഇതിന്റെ തുടക്കം തന്നെ ഒരു ഗൂഢാലോചനയുടെ ഭാഗമായി തുടങ്ങിയതാണ്. സർക്കാർ എതിരായി പ്രവർത്തിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികൾക്കിടയിൽ ഒരു ബോധ്യം ഉണ്ടാക്കിയാൽ അവർ വലിയ വികാരാധീനരാകും. അതിന് വേണ്ടിയാണ് ഗൂഢാലോചന നടത്തിയത്. മറ്റു പല കാര്യങ്ങളിലും ഇടപെടുന്ന ദല്ലാൾ എന്നറിയപ്പെടുന്ന ആളടക്കം ഇടപ്പെട്ടുവെന്നാണ് കേൾക്കുന്നത്. അന്വേഷണം മുറുകിയപ്പോളാണ് രേഖകൾ പുറത്തുവന്നത്. എല്ലാം പുറത്തുവരും. പി.ആർ.ഡി.പരസ്യം ഇറക്കാൻ മഹാൻ നിർബന്ധിച്ചു. ഗൂഢാലോചനയിൽ ഇപ്പോൾ പ്രതിപക്ഷ നേതാവിന്റെ കൂടെയുള്ള ആളും നേരത്തെ ഉള്ള ആളും പങ്കുവഹിച്ചുകൊണ്ടാണ് കാര്യങ്ങൾ നടത്തിയത്. ഈ പറയുന്ന മഹാന് ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്ന ഔദ്യോഗിക പദവി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ ആ ബന്ധപ്പെട്ടത് ദുരുദ്ദേശ്യത്തോടെയായിരുന്നു’ മുഖ്യമന്ത്രി പറഞ്ഞു.
കേരള ഷിപ്പിങ് ആൻഡ് ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷൻ എംഡി എൻ.പ്രശാന്തിനേയാണ് മുഖ്യമന്ത്രി മഹാൻ എന്ന് വിശേഷിപ്പിച്ചത്. പ്രശാന്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച മുഖ്യമന്ത്രി ഗൂഢാലോചനയുടെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ടെന്നും പറഞ്ഞു.
കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഇ.എം.സി.സി. കമ്പനി ഉടമ കോൺഗ്രസുകാരുടെ നാമനിർദേശത്തോടെ മത്സരിക്കുന്നത് ഗൂഢാലോചനയുടെ പരിസമാപ്തിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

