യുവതി തൊട്ടില്‍ക്കയറില്‍ തൂങ്ങിമരിച്ചനിലയില്‍, പിന്നാലെ അതേ കയറില്‍ ഭര്‍ത്താവും ജീവനൊടുക്കി

പാലക്കാട്: കഞ്ചിക്കോട് കുഞ്ഞിന്റെ തൊട്ടിൽക്കയറിൽ തൂങ്ങിമരിച്ച നിലയിൽ അമ്മയെ കണ്ടെത്തി. ഇവരുടെ ശരീരം താഴെയിറക്കി ആംബുലൻസിനായി കാത്തിരിക്കവേ ഇതേ കയറിൽ കുഞ്ഞിന്റെ അച്ഛനും ജീവനൊടുക്കി. എലപ്പുള്ളി പി.കെ. ചള്ള സ്വദേശി മനുപ്രസാദ് (30), ഭാര്യ ദൃശ്യ (23) എന്നിവരാണ് മരിച്ചത്.
നേതാജി നഗറിൽ വാടകവീട്ടിലാണ് ഇരുവരും മകളുമൊത്ത് താമസിച്ചിരുന്നത്. ബുധനാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് സംഭവം. ദൃശ്യ തൂങ്ങിമരിച്ചത് കണ്ട് മനുപ്രസാദ് കുഞ്ഞിനെയുമെടുത്ത് നിലവിളിച്ചുകൊണ്ട് താഴേക്ക് വരികയായിരുന്നെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. തുടർന്ന്, ആളുകൾ ഓടിക്കൂടി ദൃശ്യയെ കുരുക്ക് മാറ്റി താഴെക്കിടത്തി. ആംബുലൻസ് വരുന്നതിനായി എല്ലാവരും താഴെ വന്ന സമയത്ത് മനുപ്രസാദ് വാതിൽ അകത്തുനിന്നും അടച്ച് അതേ കയറുപയോഗിച്ച് തൂങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
അഗ്നിരക്ഷാസേനയെത്തി അകത്ത് കടന്നാണ് രണ്ടുപേരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
മനുപ്രസാദിന് വർക് ഷോപ്പിലാണ് ജോലി. കുടുംബവഴക്കാണ് മരണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കസബ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.

