KSDLIVENEWS

Real news for everyone

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി താന്‍ ജയിലില്‍ കിടന്നിട്ടുണ്ട്- പ്രധാനമന്ത്രി മോദി

SHARE THIS ON

ധാക്ക: രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നെന്ന് ഓർമ്മിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്പതാമത് സ്വാതന്ത്ര്യ ദിനത്തിൽ ബംഗ്ലാദേശിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി ധാക്കയിൽ എത്തിയതായിരുന്നു മോദി.

ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ടം എന്റെ ജീവിതത്തിലെയും നിർണായക സംഭവമായിരുന്നു. ഇന്ത്യയിൽ ഞാനും സഹപ്രവർത്തകരും സത്യാഗ്രമനുഷ്ടിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അന്ന് ഞാൻ. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യാഗ്രഹം നടത്തിയതിന്റെ ഭാഗമായി ജയിലിൽ പോകാനും അവസരമുണ്ടായി- മോദി പറഞ്ഞു.

ബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയിലെ നാഷണൽ പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അബ്ദുൾ ഹമീദിനും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് മുജീബുൾ റഹ്മാനോടുള്ള ആദരസൂചകമായി ‘മുജീബ് ജാക്കറ്റ്’ ധരിച്ചാണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുത്തത്.

ജീവിത്തത്തിലെ അവിസ്മരണീയമായ ദിനമാണിതെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കാൻ അവസരം തന്നതിന് ബംഗ്ലാദേശിനോട് നന്ദി പറയുന്നതായും പറഞ്ഞു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരേയും പ്രധാനമന്ത്രി അനുസ്മരിച്ചു.

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മൊമനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിന ബംഗ്ലാദേശ് സന്ദർശനം ആരംഭിച്ചത്. മോദിയുടെ സന്ദർശത്തിനെതിരെ ബംഗ്ലാദേശിൽ ചില പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ അക്രമത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!