2001ലെ കോലീബി സഖ്യ നീക്കം ഓര്‍മ്മയില്‍ ഇല്ലാത്ത സംഗതി, സി.കെ. പദ്മനാഭനെ തള്ളി കുഞ്ഞാലിക്കുട്ടി

മലപ്പുറം : 2001-ൽ കോൺഗ്രസും മുസ്ലീം ലീഗും വോട്ട് ധാരണയ്ക്ക് ചർച്ചയ്ക്ക് വന്നതായുള്ള സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തൽ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. ബി.ജെ.പി. നേതാവ് സി.കെ. പദ്മനാഭന്റെ പ്രസ്താവന ബി.ജെ.പി-സി.പി.എം. ധാരണയുടെ ഭാഗമാണെന്നും യു.ഡി.എഫ്. എന്ന പൊതുശത്രുവിനെ തകർക്കാനുള്ള അവരുടെ ആസൂത്രിത നീക്കമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
“തന്റെ ഓർമ്മയിൽ ഇങ്ങനെയൊരു സംഗതിയില്ല. ഓർമ്മയിൽ ഇല്ലാത്ത പഴങ്കഥകളാണ് ഇതെല്ലാം. അതിൽ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം. സിപിഎം-ബിജെപി ധാരണ പുറത്തുവന്നത് ഇരുകൂട്ടരെയും അസ്വസ്ഥരാക്കുന്നു”. ഈ ധാരണ മറച്ചുവെയ്ക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
1991 ലെ കോൺഗ്രസ്-ലീഗ്- ബി.ജെ.പി ബന്ധത്തിന് ശേഷം 2001 ലും കോൺഗ്രസ് വോട്ട് ധാരണയ്ക്ക് വന്നു എന്നായിരുന്നു ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ നേരത്തെ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്. കാസർകോട് നടന്ന ചർച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭൻ പറഞ്ഞിരുന്നു.

