കോവിഡ് രണ്ടാംഘട്ടം സ്ഥിരീകരിച്ചു; ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ

മംഗളൂരു: കോവിഡ് രണ്ടാംഘട്ടം സ്ഥിരീകരിച്ച സാഹചര്യത്തിൽ ദക്ഷിണകന്നഡജില്ലയിൽ സാമൂഹികനിയന്ത്രണം കർശനമാക്കി. ഇതിന്റെഭാഗമായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ (കളക്ടർ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലത്ത് കൂടിച്ചേരലുകളും ആഘോഷങ്ങളും വിലക്കി. ഇനി ഒരുത്തരവുണ്ടാകുംവരെയാണ് വിലക്ക്.
ജില്ലയിലെ പൊതുസ്ഥലങ്ങളിൽ അഞ്ചിൽകൂടുതൽ ആളുകൾ കൂട്ടംകൂടുന്നതും വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങൾ, മൈതാനങ്ങൾ, പാർക്കുകൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിലക്ക് ബാധകമാണ്. മതപരമായ കൂടിച്ചേരലുകൾ, ആഘോഷങ്ങൾ, ഘോഷയാത്രകൾ, സമ്മേളനങ്ങൾ, വിപണനമേളകൾ തുടങ്ങിയവക്കെല്ലാം വിലക്കേർപ്പെടുത്തി.
ദക്ഷിണകന്നഡജില്ലയിൽ ഉൾപ്പെടെ കർണാടകത്തിൽ കോവിഡ് രണ്ടാംഘട്ടം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം നിത്യേന വർധിച്ചുവരികയുമാണ്.
ഈ സാഹചര്യത്തിലാണ് നടപടി. ആവശ്യമെങ്കിൽ വരുംദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കളക്ടർ അറിയിച്ചു.

