,കൂവിയത് വലിയ ആനക്കാര്യമല്ല, അവരുടെ വോട്ട് വേണ്ടെന്ന് പറയില്ല- പി.സി. ജോര്ജ്

‘നിങ്ങൾ എവിടെച്ചെന്ന് പൂഞ്ഞാറുകാരനെന്ന് പറഞ്ഞാലും പി.സി. ജോർജിന്റെ ആളാണെന്ന് മറ്റുള്ളവർ പറയും. ഏത് കാര്യത്തിന് എവിടെ ചെന്നാലും അതിന്റെ ഗുണം കിട്ടും..’ പാറത്തോട് ഇടക്കുന്നം കവലയിൽ പി.സി.ജോർജിന്റെ പ്രചാരണപ്രസംഗം പുരോഗമിക്കുകയാണ്.null
അതിനിടെ, അതിലൂടെ കടന്നുപോയ യു.ഡി.എഫ്. സ്ഥാനാർഥി ടോമി കല്ലാനിയുടെ പ്രചാരണവാഹനത്തിൽനിന്ന് സ്വർണക്കടത്തിനെ വിമർശിച്ചുകൊണ്ടുള്ള അനൗൺസ്മെന്റ് ഉയർന്നു. പ്രസംഗം നിർത്തി വാഹനം കടന്നുപോകാൻ കാത്ത പി.സി. സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു: പകൽ മുഴുവൻ പരസ്പരം ചീത്ത വിളിക്കും. രാത്രി ഒന്നിച്ചിരുന്ന് നമുക്കിട്ട് പണിയും…
കൂടിനിന്നിരുന്നവർക്കിടയിൽ ചിരി പടരുമ്പോഴേക്കും പി.സി. അടുത്ത വിഷയത്തിലേക്ക് കടന്നു.
കൂക്കിവിളിയും മറ്റുമായി ചിലയിടങ്ങളിൽ പ്രചാരണം തടസ്സപ്പെട്ടെങ്കിലും പൂഞ്ഞാറിൽ പി.സി. ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായിത്തന്നെ തുടരുകയാണ്. മണ്ഡലത്തിൽ കാൽ നൂറ്റാണ്ട് എം.എൽ.എ. ആയിരുന്നയാളുടെ പരിചയവും വാക്ചാതുരിയും അതിന് തുണയാകുന്നു. ഇടക്കുന്നത്ത് പ്രചാരണത്തിന് പോയ ഇടങ്ങളിലെല്ലാം പി.സി. ജോർജിനെ കാത്ത് ആളുകളുണ്ടായിരുന്നു. കടന്നുപോകുന്ന വഴിയുടെ ഇരുവശത്തുമുള്ള വീടുകളിൽനിന്നും സ്ത്രീകളും കുട്ടികളും പുറത്തിറങ്ങിനിന്ന് പി.സിയെ അഭിവാദ്യം ചെയ്യുന്നു. ചിലയിടത്ത് വാഹനം നിർത്തി സ്ഥാനാർഥി അവർക്കിടയിലേക്ക് ചെല്ലുന്നു. ചിരപരിതനെപോലെ പ്രശ്നങ്ങൾ ചോദിക്കുന്നു. മറുപടി നൽകുന്നു.

എവിടെ, എന്ത്, എങ്ങനെ പറയണമെന്ന കൃത്യമായ ധാരണയാണ് പി.സി. ജോർജിന്റെ പ്രചാരണത്തിന്റെ ശക്തി. വീട്ടമ്മമാർ കൂടുന്നിടത്ത് കുടിവെള്ളപ്രശ്നവും സുരക്ഷിതമായ പാർപ്പിടവും ചർച്ച ചെയ്യുന്ന പി.സി. പ്രധാന കവലകളിൽ നടപ്പാക്കിയ വികസന പദ്ധതികളും മണ്ഡലത്തിലെ രാഷ്ട്രീയവും സംസാരിക്കുന്നു. മുസ്ലിം ഭൂരിപക്ഷ മേഖലയിൽ തനിക്കുനേരെ ഉണ്ടായ കൂക്കിവിളിയെ കുറിച്ച് വിശദീകരിക്കുന്നു. സി.എസ്.ഐ. പള്ളിപ്പടിയിൽ എത്തിയപ്പോൾ ബൈബിൾ വചനം ഉദ്ധരിക്കുന്നു..
എസ്.ഡി.പി.ഐ. നേതൃത്വം തങ്ങളല്ല കൂവിയതെന്ന് പറഞ്ഞ സാഹചര്യത്തിൽ അതിനി ‘ആനക്കാര്യമായി’ കരുതുന്നില്ലെന്നും ആരുടെയും വോട്ട് വേണ്ടെന്ന നിലപാട് ഒരു സ്ഥാനാർഥിയ്ക്കും എടുക്കാനാവില്ലെന്നും പി.സി. പ്രചാരണത്തിരക്കിനിടെ മാതൃഭൂമി ഡോട്ട് കോമിനോടു പറഞ്ഞു.
‘പൂഞ്ഞാറിൽ ഒരു സംഘർഷവുമില്ല. ഏറ്റവും സമാധാനപരമായ അന്തരീക്ഷമാണ് ഇവിടുള്ളത്. ഇലക്ഷനിൽ നിൽക്കുന്ന ചില സ്ഥാനാർഥികളുടെ പ്രവർത്തനങ്ങൾ മൂലം ചിലയിടത്ത് ചെറിയ ചില പ്രശ്നങ്ങളുണ്ടായി. എന്നാൽ, ഞാനതിന് കൂട്ടുനിൽക്കുന്നില്ല. ഈരാറ്റുപേട്ടയിലെ തേവരുപാറയിൽ പ്രചാരണത്തിനിടെ കുറേപേർ കൂവി. കൂവിയ ആളുകളെ എനിക്കറിയാം. എസ്.ഡി.പി.ഐയുടെ ആളുകളാണ്. എസ്.ഡി.പി.ഐക്കാരല്ലെന്ന് അവരുടെ ജില്ലാ പ്രസിഡന്റ് ഇപ്പോൾ നിഷേധിച്ചിരിക്കുയാണ്. എനിക്ക് നേരിട്ട് കണ്ടാൽ അറിയാവുന്ന ആളുകളാണ് അവരെല്ലാം. പിന്നെ നിഷേധിച്ചിട്ട് കാര്യമുണ്ടോ..? എങ്കിലും, സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഞങ്ങളല്ല എന്നു പറഞ്ഞതിനർത്ഥം കൂവിയതിൽ ദുഃഖമുണ്ടെന്നാണ്. ഇനി അത് വലിയ ആനക്കാര്യമായിട്ട് ഞാൻ കരുതുന്നില്ല. അതുകൊണ്ട് അവരെ പറ്റി മോശമായി പറയാനും ഉദ്ദേശിക്കുന്നില്ല.’

‘അതുകഴിഞ്ഞ് ഞാൻ പാറത്തോട് വന്നപ്പോൾ, പ്രസംഗിക്കുന്നതിനിടെ കുളത്തുങ്കലിന് (സെബാസ്റ്റ്യൻ കുളത്തുങ്കൽ -പൂഞ്ഞാറിലെ ഇടതുപക്ഷ സ്ഥാനാർഥി) വോട്ട് ചെയ്യണമെന്ന് പറഞ്ഞ് ജീപ്പ് നാല് പ്രാവശ്യം ട്രിപ്പടിച്ച് സംസാരം തടസ്സപ്പെടുത്തി. സ്ഥാനാർഥിയല്ലേ, സംസാരിക്കാൻ അനുവദിക്കണ്ടേ. ഞാൻ മൂന്നു പ്രാവശ്യം പറഞ്ഞു, ഒരു അഞ്ചു മിനിറ്റ് തരാൻ. പക്ഷേ, കേട്ടില്ല. മാത്രമല്ല, വാഗമൺ മുതൽ വെച്ചിരുന്ന മുഴുവൻ ബോർഡും പോസ്റ്ററും നശിപ്പിച്ചു. ഞാൻ മിണ്ടിയില്ല. ഇപ്പോഴും മിണ്ടുന്നില്ല. പക്ഷേ, മിണ്ടുന്നില്ല എന്നത് ദൗർബല്യമായി ആരും കരുതാൻ പാടില്ല. പി.സി. ജോർജിനെ എല്ലാവർക്കുമറിയാം. അങ്ങനെ പേടിച്ചോടുന്നവനല്ല. പക്ഷേ, സംഘർഷഭൂമിയെന്ന പേര് പൂഞ്ഞാറിന് വരുന്നതിൽ എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. ജനങ്ങളെ അപമാനിക്കുന്ന ഒന്നിനും ഞാൻ കൂട്ടുനിൽക്കില്ല. അതുകൊണ്ട് ഞാൻ ക്ഷമിക്കുകയാണ്. അതിരില്ലാതെ ക്ഷമിക്കുകയാണ്. ആറാം തീയതി കഴിഞ്ഞ് മര്യാദകേട് കാട്ടിയാൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം. അപ്പോൾ പൂഞ്ഞാറിലെ ജനങ്ങളുടെ പേരില്ല, പി.സി. ജോർജിന്റെ പേരിലേ കാര്യങ്ങൾ വരൂ.’

‘മുസ്ലിം തീവ്രവാദ പ്രസ്ഥാനമായി എസ്.ഡി.പി.ഐ. മാറരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്നെ സഹായിച്ച മാന്യൻമാരായ ചെറുപ്പക്കാരുള്ള സംഘടനയാണ്. ആ സംഘടന എങ്ങനെ ഭീകരവാദത്തിലേക്ക് പോകുന്നു. അഭിമന്യുവിനെ കുത്തിക്കൊന്നതൊക്കെ നമുക്കറിയാം. പടച്ചവനെയോർത്ത്, നബി തിരുമേനിയെ ഓർത്ത്, പരിശുദ്ധ ഖുർആനിനെ ഓർത്ത് നിങ്ങളീ ഭീകരവാദം ഉപേക്ഷിക്കണം. ഇന്ത്യാ രാജ്യത്തിന്റെ ശക്തരായ വക്താക്കളാകണം നിങ്ങൾ. ഇതാണ് എന്റെ അപേക്ഷ. അല്ലാതെ എസ്.ഡി.പിഐക്കാരെ തള്ളിപ്പറയുന്നതൊന്നും എനിക്ക് ഇഷ്ടമല്ല.’
കൂവിയ സ്ഥലത്തുവെച്ച് ‘നിങ്ങളുടെ വോട്ട് വേണ്ടെ’ന്നു പറഞ്ഞ നിലപാടിനും മാറ്റമുണ്ടോ എന്ന ചോദ്യത്തോട് പി.സി. പ്രതികരിച്ചതിങ്ങനെ: അന്നങ്ങനെ പറഞ്ഞു, അവർക്ക് സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്തോട്ടെ. ഞാൻ നിർബന്ധിക്കാനില്ല. കാരണം, ആരുടെ വോട്ട് വേണ്ടെന്നും ഒരു സ്ഥാനാർഥിയും പറയില്ലല്ലോ. അപമാനിക്കപ്പെട്ടാൽ മറുപടി പറയണ്ടേ. ആരെങ്കിലും മുഖത്ത് നോക്കി വർത്തമാനം പറഞ്ഞാൽ വേണ്ടെന്ന് പറയാനുളള തന്റേടം കാണിക്കണ്ടേ. അതുകൊണ്ട് പറഞ്ഞതാണ്. അവരോട് ആരോടും വ്യക്തിവിരോധമില്ല.’

