ബെംഗളൂരു സ്ഫോടന കേസിലെ പ്രതി അപകടകാരിയായ മനുഷ്യനെന്ന് ചീഫ് ജസ്റ്റിസ്: മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്താഴ്ചത്തേക്ക് മാറ്റി

ന്യൂഡൽഹി: ബെംഗളൂരു സ്ഫോടന കേസിലെ പ്രതി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നിരീക്ഷണം. ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂർത്തിയാകുന്നത് വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മദനി നൽകിയ അപേക്ഷ പരിഗണിക്കവെ ആണ് ചീഫ് ജസ്റ്റിസ് ഈ നിരീക്ഷണം നടത്തിയത്. മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് കോടതി മാറ്റി.
കേസിൽ 2014 ൽ മദനിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ബെംഗളൂരുവിൽ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടിവിച്ചിരുന്നു. കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകർ ജയന്ത് ഭൂഷൺ, ഹാരിസ് ബീരാൻ എന്നിവർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ മദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവിൽ താൻ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് ആണ് മദനിയുടെ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിയത്.
ബെംഗളൂരുവിൽ കോവിഡ് കേസ്സുകളുടെ എണ്ണം കൂടുന്നതിനാൽ ആവശ്യമായ ചികത്സ ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി മദനി സുപ്രീം കോടതിയെ സമീപിച്ചത്. പിതാവിന്റെ ആരോഗ്യ സ്ഥിതിയും മോശമാണെന്ന് മദനി തന്റെ അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്

