KSDLIVENEWS

Real news for everyone

റഫാല്‍ കരാര്‍: ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന് റിപ്പോര്‍ട്ട്

SHARE THIS ON

ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യൺ യൂറോ സമ്മാനമായി നൽകിയെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടാണ് റഫാൽ ഇടപാട് സംബന്ധിച്ച നിർണായകവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

റഫാൽ യുദ്ധവിമാനങ്ങൾ നിർമിക്കുന്ന ദസ്സോ കമ്പനിയിൽ നടന്ന ഓഡിറ്റിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയായ ഏജൻസെ ഫ്രാൻസൈസ് ആന്റികറപ്ഷൻ(എഎഫ്എ) കമ്പനിയിൽ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്.

2016-ൽ റഫാൽ കരാർ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോൺട്രാക്ടറായ ഡെഫിസിസ് സൊലൂഷൻസ് എന്ന ഇന്ത്യൻ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റഫാൽ വിമാനങ്ങളുടെ 50 പകർപ്പുകൾ നിർമിക്കാനാണ് ഈ പണം ചെലവഴിച്ചതെന്നാണ് ദസ്സോയുടെ വിശദീകരണമെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളോ മറ്റോ ദസ്സോയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.

2017-ലെ അക്കൗണ്ടിൽ ‘ഇടപാടുകാർക്കുള്ള സമ്മാന’മായി ഏകദേശം 5,08,925 യൂറോ കമ്പനി ചെലവഴിച്ചു. ഈ പണം റഫാൽ വിമാനങ്ങളുടെ പകർപ്പ് നിർമിച്ചതിന് ചെലവഴിച്ചെന്നാണ് കമ്പനിയുടെ വിശദീകരണം. പക്ഷേ, ഇതിന്റെ തെളിവുകളും ദസ്സോയ്ക്ക് ഹാജരാക്കാനായില്ല.

ഇന്ത്യൻ കമ്പനിയായ ഡെഫ്സിസ് സൊലൂഷൻസിന് പണം നൽകിയത് സംബന്ധിച്ചും വൻക്രമക്കേടുകളാണ് എ.എഫ്.എ. ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയർന്ന തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഇത്തരം ചെലവുകൾ ‘ഇടപാടുകാർക്കുള്ള സമ്മാന’മെന്ന രീതിയിൽ അക്കൗണ്ടുകളിൽ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നൽകാനായില്ലെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്സിസ് സൊലൂഷൻസ്. നേരത്തെ അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേൻ ഗുപ്ത.

അതേസമയം, ദസ്സോയിലെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകളെ സംബന്ധിച്ച് എ.എഫ്.എ. ഫ്രഞ്ച് പ്രോസിക്യൂഷൻ അധികൃതരെ വിവരമറിയിച്ചിട്ടില്ലെന്നും മീഡിയപാർട്ട് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാൽ കരാറിനെ സംബന്ധിച്ചുള്ള അന്വേഷണാത്മക പരമ്പരയിലെ ആദ്യഭാഗമാണ് മീഡിയപാർട്ട് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മൂന്ന് ഭാഗങ്ങളുള്ള പരമ്പരയിലെ രണ്ട് റിപ്പോർട്ടുകൾ വരുംദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും മൂന്നാമത്തെ റിപ്പോർട്ടിൽ വലിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും മീഡിയപാർട്ട് റിപ്പോർട്ടർ ഇന്ത്യ ടുഡെ ടിവിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!