KSDLIVENEWS

Real news for everyone

പോളിങ് ശതമാനം കാര്യമായി കൂടിയില്ല; പ്രതീക്ഷവച്ച് ഇരുമുന്നണികളും

SHARE THIS ON

പോളിങ് ശതമാനം കാര്യമായി കൂടിയില്ലെങ്കിലും പ്രതീക്ഷവച്ച് ഇരുമുന്നണികളും. ഭരണവിരുദ്ധവികാരം ഇല്ലാത്തതുകൊണ്ടാണ് യു.ഡി.എഫ് ശക്തികേന്ദ്രങ്ങളില്‍ പോലും പോളിങ് ഉയരാത്തതെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വോട്ടുകള്‍ ഒരേപോലെ ലഭിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.  പോളിങ് ശതമാനം കൂടാത്തത് തിരിച്ചടിയാകില്ലെന്നാണ് യു.ഡി.എഫിന്റ വിലയിരുത്തല്‍. കൂടുതല്‍ സീറ്റ് ലക്ഷ്യമിട്ടിരുന്ന കൊല്ലം, പാലക്കാട്,തൃശൂര്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ തൃശൂരില്‍ മാത്രമാണ് നിലവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം ഉയര്‍ന്നത്.  77 ശതമാനം വീതം പോളിങ് രേഖപ്പെടുത്തിയ 2016 നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഫലം വ്യത്യസ്തമായിരുന്നതും യു.ഡി.എഫ് ചൂണ്ടിക്കാണിക്കുന്നു.  പോളിങ് ശതമാനത്തിനപ്പുറത്ത് സോഷ്യല്‍ ഗ്രൂപ്പുകള്‍ പൂര്‍ണമായും ഒപ്പം നിന്നെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം നിന്ന മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയെല്ലാം പിന്തുണകിട്ടി. വോട്ടെടുപ്പ് ദിവസം തന്നെ ജനം ഭരണമാറ്റം പ്രതീക്ഷിക്കുന്നുവെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന വലിയതോതില്‍ ഗുണം ചെയ്തെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു.  ഇടതുമുന്നണിയാകട്ടെ  80 മുതല്‍ 85  വരെ സീറ്റായിരുന്നു മുമ്പ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അതിലും ഉയരുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ബൂത്തുകളില്‍ നിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ചുകിട്ടിയശേഷമേ കൃത്യമായ കണക്കാകു. പോളിങ് ശതമാനം ഉയരാത്തത് ഭരണവിരുദ്ധവികാരം ഇല്ല എന്നതിന്‍റെ സൂചനയെന്നാണ് വിലയിരുത്തല്‍.  ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ടെങ്കില്‍ പ്രതിപക്ഷത്തിന് സ്വാധീനമുള്ള മേഖലകളിലെങ്കിലും പോളിങ് ഉയരേണ്ടതായിരുന്നു. പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി വീണിട്ടുണ്ട്. എന്നാല്‍ വടക്കന്‍ കേരളത്തിലെ  പോളിങ് ശതമാനം തെക്കന്‍ കേരളത്തെ അപേക്ഷിച്ച് കൂടുതലാണെങ്കിലും കഴിഞ്ഞതവണത്തേതിന് ഒപ്പം എത്തിയിട്ടില്ല. ഇത് സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളിലും വോട്ടുചോര്‍ച്ചയുണ്ടായെന്ന സൂചന നല്‍കുന്നുണ്ടെങ്കിലും നേതൃത്വം സമ്മതിച്ചുതരാന്‍ തയ്യാറല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!