സംഘർഷം ; പെരിയയിലും പരിസരങ്ങളിലും കനത്ത സുരക്ഷ

ബേക്കൽ : വോട്ടെടുപ്പിനോടനുബന്ധിച്ച് ഉടലെടുത്ത സംഘർഷാവസ്ഥയെ തുടർന്ന് പെരിയയിലും , പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കി . ഇന്നലെ വൈകിട്ട് പെരിയ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പോളിംഗ് ബൂത്ത് പരിസരത്തുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു . സി പി എം പ്രവർത്തകൻ പെരിയയിലെ മുകേഷിനാണ് ( 25 ) പരിക്കേറ്റത് . ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . കല്ലേറിലാണ് പരിക്കേറ്റതെന്ന് സി പി എം കേന്ദ്രങ്ങൾ പറയുന്നു . വോട്ടിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചിരുന്നത് . പൊലീസിന്റെ ശക്തമായ സാന്നിധ്യം രംഗം എളുപ്പം ശാന്തമാക്കി . അടിക്കടി സി പി എം കോൺഗ്രസ് സംഘർഷമുണ്ടായിരുന്ന പ്രദേശമാണ് പെരിയ . ഇരട്ടക്കൊലപാതകം നടന്ന കല്ല്യോട്ടിന്റെ സമീപ പ്രദേശവുമാണ് . ഒരു വർഷം മുമ്പുണ്ടായി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെരിയ പ്രദേശം പൊലീസിന്റെ കർശ്ശന നിരീക്ഷണത്തിലാണിപ്പോഴും . പൊലീസ് പിക്കറ്റിംഗും നിലനിൽക്കുന്നുണ്ട് . അതേസമയം വോട്ടെടുപ്പ് സമാധാനപരമായി അവസാനിച്ചതിലുള്ള ആശ്വാസത്തിലാണ് ജനങ്ങളും പൊലീസും . ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വ്യാപകമായ അക്രമ സംഭവങ്ങൾ അരങ്ങേറിയേക്കുമെന്ന ആശങ്ക പരക്കെ ഉയർന്നിരുന്നു . ഇതേ തുടർന്ന് കനത്ത പൊലീസ് സുരക്ഷയാണ് എങ്ങും ഏർപ്പെടുത്തിയിരുന്നത് . കല്ലോട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു .

