മന്‍സൂറിന്റെ കൊലപാതകം: അന്വേഷണത്തില്‍ ദുരൂഹത, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ പാര്‍ട്ടി ബന്ധു-ചെന്നിത്തല

കണ്ണൂർ: പെരിങ്ങത്തൂർ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് നേതാക്കളും. അന്വേഷണം നേരിട്ട് ക്രൈംബ്രാഞ്ചിനെ ഏർപ്പിച്ചതിൽ ദുരൂഹതയുണ്ട്. പാർട്ടിയുമായി ബന്ധമുള്ള ആളാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തെളിവുകൾ നശിപ്പിക്കാനുള്ള ഈ ശ്രമം യുഡിഎഫ് അംഗീകരിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.സുധാകരൻ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയ യുഡിഎഫ് നേതാക്കൾക്കൊപ്പം മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ഈ അന്വേഷണം അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേസ് തേച്ചുമാച്ച് കളയുന്ന പണിയാണ് ഇപ്പോഴത്തെ അന്വേഷണ സംഘത്തെ ഏൽപ്പിച്ചിരിക്കുന്നത്. അതിനെ നിന്നുകൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.. കുടുംബത്തിനോ യുഡിഎഫിനോ ഈ അന്വേഷണത്തിൽ വിശ്വാസമില്ല. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചിട്ടുള്ളത്. എന്തീനാണീ പാവപ്പെട്ട ചെറുപ്പക്കാരനെ കൊന്നത്. മാർക്സിസ്റ്റ് പാർട്ടി എന്ത് നേടി ഇതിലൂടെ. ആ വാപ്പയുടേയും കണ്ണുനീരും കുടുംബത്തിന്റെ വേദനയും കാണാൻ ഞങ്ങൾക്ക് കഴിയുന്നില്ല. മൻസൂറിന്റെ കൊലപാതകികളെ സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ എല്ലാവരേയും കൂടുതൽ വേദനിപ്പിക്കുന്നു. യഥാർത്ഥ കൊലയാളികളെ മുഴുവൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നിലവിലെ അന്വേഷണംകൊണ്ട് അതിന് സാധ്യമാകുമെന്ന് കരുതുന്നില്ല. ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

