സാംസ്കാരികനായകരെന്ന വൃത്തികെട്ടവന്മാർ; പിണറായിയെന്ന ആരാച്ചാരെ മീരയ്ക്ക് അറിയുമോ?- കെ.എം. ഷാജി

കണ്ണൂർ: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ പുലർത്തുന്ന മൗനത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം. ഷാജി എംഎൽഎ. ശാരദക്കുട്ടി, ബെന്യാമിൻ, കെ.ആർ. മീര തുടങ്ങിയവരെ പേരെടുത്തു പറഞ്ഞുകൊണ്ടായിരുന്നു വിമർശനം. യുഡിഎഫ് കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലായിരുന്നു ഷാജിയുടെ പ്രസംഗം. ‘എല്ലാവരും നിശബ്ദരാണ്. അതിശയം തോന്നുകയാണ്. നമ്മുടെ നാട്ടിലെ കുറച്ച് മീഡിയ പ്രവർത്തകരെ ഒഴിച്ചുനിർത്തിയാൽ ആർക്കും ഒന്നും മിണ്ടാനില്ല. സാംസ്കാരിക നായകർ എന്നു പറയുന്ന കുറേ തല്ലിപ്പൊളികളുണ്ട്. കുറേ വൃത്തികെട്ടവൻമാർ. എന്താണ് അവരൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. 21 വയസ്സുള്ള ഒരു പുഷ്പം കരിച്ചുകളഞ്ഞിട്ടും ആർക്കും ഒരു പ്രതിഷേധവുമില്ല. ശാരദക്കുട്ടി എന്ന ഒരു എഴുത്തുകാരിയുണ്ട്. അവരുടെ ഇന്നലെത്തെ ഗൗരവമുള്ള ഫേയ്സ്ബുക്ക് പോസ്റ്റ് കോവിഡിനെ സൂക്ഷിക്കണം എന്നായിരുന്നു. പാനൂരിൽ കൊല്ലപ്പെട്ടവനെക്കുറിച്ച് അവർക്ക് അറിയില്ല’, ഷാജി പറഞ്ഞു. ‘വേറൊരു എഴുത്തുകാരനുണ്ട്, ബന്യാമിൻ. ആടുജീവിതം എഴുതിയ ബന്യാമിൻ ഇപ്പോൾ ജീവിച്ചുതീർക്കുന്നത് കഴുതയുടെ ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. ചോരവാർന്ന കത്തിയുമായി നടക്കുന്ന കാപാലികർക്ക് ഓശാന പാടുന്നവരെ ആരാണ് സാംസ്കാരിക നായകർ എന്നു വിളിക്കുന്നത്. കെ.ആർ. മീര എന്തിനാണ് കൊൽക്കത്തയിലെ ആരാച്ചാരെക്കുറിച്ച് എഴുതുന്നത്. പാനൂരിൽ ആരാച്ചാരില്ലേ. ഇന്നലെ തൂങ്ങിയാടിയ മൃതദേഹം കണ്ടില്ലേ, ഒരു ആരാച്ചാർ കെട്ടിത്തൂക്കിയതാണത്. എത്രപേരെയാണ് ഈ മണ്ണിൽ ഈ ആരാച്ചാർമാർ കൊന്നുതള്ളിയത്. പിണറായി വിജയൻ എന്ന ആരാച്ചാരെ മീരയ്ക്ക് അറിയുമോ. പി. ജയരാജൻ എന്ന ആരാച്ചാരെ അറിയുമോ?’, ഷാജി ചോദിച്ചു.

