മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം; കിടക്കകള്‍ക്കായി പരക്കംപാഞ്ഞ് രോഗികള്‍

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഞായറാഴ്ച സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 63,294 പേർക്കാണ്. മഹാരാഷ്ട്രയിൽ രോഗം പിടിപെടുന്നവരുടെ കണക്ക് ഓരോ ദിവസവും പേടിപ്പെടുത്തുന്ന നിലയിലേക്ക് ഉയരുകയാണ്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 34 ലക്ഷം കടന്നു. 349 പേരാണ് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. മരണസംഖ്യ 57,987- ലേക്കെത്തി. 34,008 പേർ ആശുപത്രി വിട്ടപ്പോൾ രോഗമുക്തരുടെ എണ്ണം 27.82 ലക്ഷമായി. 5.65 ലക്ഷം പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മുംബൈയിൽ 9989 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 58 പേർ മരിക്കുകയും ചെയ്തു. നഗരത്തിൽ മരണസംഖ്യ കുത്തനെ ഉയരുകയാണ്. ശനിയാഴ്ച 50 പേരായിരുന്നു മരിച്ചത്. ഇതോടെ മരണസംഖ്യ 12,017 ലേക്കുയർന്നു. രോഗവ്യാപനം കൂടിയതോടെ രോഗികളെ പ്രവേശിപ്പിക്കാൻ ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. രോഗികൾക്ക് അത്യാവശ്യമായ ഓക്സിജന്റെ ലഭ്യത തീരേ കുറഞ്ഞു. രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ കോവിഡ് രോഗികൾ കിടക്കകൾ ലഭിക്കുന്നതിനായി പരക്കംപായുകയാണ്. ഒസ്മാനാബാദ് ജില്ലയിൽ കിടക്കളുടെ കുറവ് മൂലം വീൽ ചെയറിൽ ഇരുത്തിയാണ് രോഗികൾക്ക് ഓക്സിജൻ നൽകിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികൾ അടക്കം ബെഡ്ഡിനായി ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്ക് ഓടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബെഡ്ഡുകൾ ഒഴിവുണ്ടെങ്കിലും രക്തത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞ രോഗികളെ വെന്റിലേറ്റർ ഇല്ലെന്ന കാരണത്താൽ ചിലആശുപത്രികൾ തിരിച്ചയക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് ഏപ്രിൽ 14-ന് ശേഷമേയുണ്ടാകുകയുള്ളൂ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോവിഡ് കർമസേനയുമായി ഞായറാഴ്ച വൈകീട്ട് നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ തീരുമാനമെടുത്തത്. അന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ലോക്ഡൗൺ പ്രഖ്യാപനമുണ്ടാകുകയെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. നേരത്തെ ഞായറാഴ്ചതന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നു. എട്ടുദിവസത്തേക്കെങ്കിലും ലോക്ഡൗൺ വേണമെന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അഭിപ്രായം. എന്നാൽ, വിദഗ്ധ ഡോക്ടർമാർ അടങ്ങിയ കോവിഡ് കർമസേനയുടെ അഭിപ്രായം 14 ദിവസമെങ്കിലും ലോക്ഡൗൺ പ്രഖ്യാപിച്ചാലേ കോവിഡ് വ്യാപനത്തിന്റെ കണ്ണി മുറിക്കാൻ പറ്റുകയുള്ളൂവെന്നാണ്.

