KSDLIVENEWS

Real news for everyone

പഞ്ഞിക്ക് പകരം ഉപയോഗിച്ച മാസ്‌കുകള്‍;മഹാരാഷ്ട്രയില്‍ മെത്തനിര്‍മാണഫാക്ടറി അടച്ചു പൂട്ടി

SHARE THIS ON

മുംബൈ: ഉപയോഗശൂന്യമായ മാസ്കുകൾ കൊണ്ട് മെത്തനിർമാണം നടത്തി വരികയായിരുന്ന മഹാരാഷ്ട്രയിലെ ഒരു ഫാക്ടറി പോലീസ് അടച്ചു പൂട്ടി. ജൽഗാവിലെ ഒരു ഫാക്ടറിയിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ഫാക്ടറി അടച്ചു പൂട്ടിയത്. പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്കൃതവസ്തുക്കളോ ഉപയോഗിക്കുന്നതിന് പകരം ഉപേക്ഷിച്ച മാസ്കുകൾ ഉപയോഗിച്ചായിരുന്നു ഇവിടെ കിടക്ക നിർമാണം.

വിവിധയിടങ്ങളിൽ നിന്ന് മാസ്കുകൾ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് തിരച്ചിൽ നടത്തിയത്. ഫാക്ടറിക്കുള്ളിൽ നിന്നും പരിസരത്ത് നിന്നും മാസ്കുകളുടെ വൻശേഖരം പോലീസ് കണ്ടെത്തി. ഫാക്ടറി ഉടമയായ അംജദ് അഹമ്മദ് മൻസൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡിഷണൽ പോലീസ് സുപ്രണ്ട് ചന്ദ്രകാന്ത് ഗവാലി അറിയിച്ചു. ഫാക്ടറിയിൽ കണ്ടെത്തിയ മാസ്ക് ശേഖരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പോലീസ് നശിപ്പിച്ചു.

കോവിഡ് വ്യാപനം വർധിച്ചതോടെ മാസ്കുപയോഗവും അതോടൊപ്പം വർധിച്ചു. ഉപയോഗിച്ച മാസ്കുകളുടെ നിർമാർജനം ഇന്ത്യയിൽ വേണ്ട രീതിയിൽ നടക്കുന്നില്ലെന്നാണ് സൂചന. 2020 ജൂണിനും സെപ്റ്റംബറിനും ഇടയിൽ കോവിഡനുബന്ധ മാലിന്യങ്ങൾ 18,000 ടൺ കടന്നതായാണ് കണക്ക്. ഇതിൽ മാസ്കുകളും കൈയുറകളും പെടും. രോഗവ്യാപനം വീണ്ടും വർധിക്കുന്നത് ബയോ മെഡിക്കൽ മാലിന്യങ്ങൾ വീണ്ടും കൂടാനിടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!