ഗുജറാത്തില്‍ മസ്ജിദിനെ കോവിഡ് ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതര്‍

വഡോദര: കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന ഗുജറാത്തിൽ മസ്ജിദ് കോവിഡ് ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതർ . വഡോദരയിലെ ജഹാംഗീർപുരയിലെ പള്ളിയാണ് 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ”നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഓക്സിജന്റെയും കിടക്കകളുടെയും ക്ഷാമം രോഗികളെ വലക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പള്ളി രോഗികളുടെ ചികിത്സക്കായി വിട്ടുകൊടുക്കുകയാണ്. റമദാൻ മാസത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകരമായ പ്രവർത്തിയാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്ന് പള്ളി കമ്മിറ്റി അധികാരികൾ പറഞ്ഞു.” അതിവേഗത്തിലാണ് ഗുജറാത്തിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നത്. രോഗികളുമായി 108 ആംമ്പുലൻസുകൾ ആശുപത്രിയുടെ പുറത്ത് ക്യൂ നിൽക്കുന്ന വാർത്തകളും സംസ്ഥാനത്ത് നിന്ന് പുറത്ത് വന്നിരുന്നു. 5491 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്.

