കോടികൾ ചെലവിട്ട് ടാറ്റ നിർമ്മിച്ചു നൽകിയ കോവിഡ് ആശുപത്രി: 6 മാസമായിട്ടും നിയമനം പൂർത്തിയാക്കാതെ സർക്കാർ

കാസർകോട് ∙ ആദ്യ കോവിഡ് വ്യാപനത്തിന്റെ സമയത്ത് ടാറ്റയുടെ നേതൃത്വത്തിൽ 60 കോടി രൂപ ചെലവിട്ട് കാസർകോട്ട് നിർമിച്ചു നൽകിയ ആശുപത്രിയിൽ നിയമനം പൂർത്തിയാക്കാതെ സർക്കാർ. ആശുപത്രിയിൽ 191 പുതിയ തസ്തികകൾ സൃഷ്ടിച്ച് 6 മാസം കഴിഞ്ഞിട്ടും പകുതിയോളം ജീവനക്കാരെ മാത്രമേ നിയമിച്ചിട്ടുള്ളൂ. താൽക്കാലിക ജീവനക്കാരുമായാണ് ആശുപത്രി നിലവിൽ പ്രവർത്തിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള ബി,സി, കാറ്റഗറിയിലുള്ള 130 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കൂടുതൽ ബെഡുകൾ ക്രമീകരിക്കുന്ന ജോലി ഇവിടെ പുരോഗമിക്കുന്നുണ്ട്. ഇത് പൂർത്തിയായി കൂടുതൽ രോഗികൾ ഇവിടേക്ക് എത്തിയാൽ പ്രവർത്തനം താളം തെറ്റുമെന്ന ആശങ്കയിലാണ് ജീവനക്കാർ ഉൾപ്പെടെയുള്ളവർ.
സൂപ്രണ്ട്, ആർഎംഒ, ജൂനിയർ മെഡിക്കൽ കൺസൽറ്റന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, അസി.സർജൻ ഉൾപ്പെടെ 40 പേരുടെ ഒഴിവുള്ളതിൽ നിയമനം നടന്നത് 14 ഡോക്ടർമാരുടെ മാത്രം. നിലവിലുള്ള ഡോക്ടർമാർ അവധി പോലും എടുക്കാതെ പണിയെടുത്താണ് ഈ കുറവ് നികത്തുന്നത്. മറ്റ് ആശുപത്രികളിൽ നിന്ന് 3 ഡോക്ടർമാരെയും താൽക്കാലികമായി ഇവിടേക്കു മാറ്റിയിട്ടുണ്ട്.
നഴ്സുമാരുടെ കുറവും പ്രതിസന്ധിയാണ്. 30 വീതം ഗ്രേഡ് 1, ഗ്രേഡ് 2 നഴ്സുമാരുടെ തസ്തികയാണുള്ളത്. ഇതിൽ ഗ്രേഡ് 1 നഴ്സുമാർ ഒരാൾ പോലുമില്ല. ഇവരുടെ പ്രമോഷൻ നടക്കാത്തതാണ് ഇതിനു കാരണമെന്ന് അധികൃതർ പറയുന്നു. ബാക്കി ജീവനക്കാരുടെയും നിയമനം പൂർണമായിട്ടില്ലെങ്കിലും മറ്റു ആശുപത്രികളിലുള്ളവരെ താൽക്കാലികമായി ഇവിടേക്ക് മാറ്റി കുറവ് ബാധിക്കാതിരിക്കാൻ ഡിഎംഒ ശ്രമിക്കുന്നുണ്ട്.
നിലവിലുള്ള 200 കിടക്കകൾക്ക് പുറമേ 150 കിടക്കകൾ കൂടി സജ്ജീകരിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ഇതോടെ മൊത്തം കിടക്കകളുടെ എണ്ണം 350 ആകും. 540 കിടക്കകളുടെ സൗകര്യമാണ് ടാറ്റ നിർമിച്ച് സർക്കാരിനു കൈമാറിയ ആശുപത്രിയിലുള്ളത്. എന്നാൽ ലബോറട്ടറി, ഫാർമസി, സ്റ്റോർ, ജീവനക്കാരുടെ താമസം തുടങ്ങിയ ആവശ്യങ്ങൾക്കു കൂടി ഇത് ഉപയോഗിക്കേണ്ടി വരുമ്പോൾ 350 കിടക്കകൾ മാത്രമേ ഒരുക്കാൻ കഴിയുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു

